ഇടുക്കി: ലാത്തികാട്ടിയും കണ്ണുരുട്ടിയും ലോക്‌ഡൗണ്‍ കാലത്ത് പുറത്തിറങ്ങുന്നവരെ പേടിപ്പിച്ചിരുന്ന പൊലീസ് ശൈലിയിൽ നിന്ന് വ്യത്യസ്ഥനാകുകയാണ് കമ്പംമെട്ട് സ്റ്റേഷനിലെ സിഐ സുനിൽ ജി ചെറുകടവ്. കൊവിഡ് ബോധവല്‍ക്കരണ ഗാനങ്ങൾ എഴുതി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ. വൈറസിനെ പറ്റിയുള്ള അവബോധം ജനങ്ങളിലെത്തിക്കുക, ലോക്‌ഡൗണിനെ പറ്റി മനസിലാക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് സുനിലിന്‍റെ രചനകൾ. കാവാലം ശ്രീകുമാറാണ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്
രണ്ട് ഗാനങ്ങളാണ് കൊവിഡിനെ പറ്റി സിഐ സുനിൽ രചിച്ചിരിക്കുന്നത്. വൈറസ് വ്യാപനം തയുന്നതിന് ആരോഗ്യപ്രവർത്തകരെ പോലെ തന്നെ സേവന രംഗത്ത് മുൻപന്തിയിലായ പൊലീസിന്‍റെ പ്രവർത്തനങ്ങൾ ഇത്തരം ഗാനങ്ങളിലൂടെ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് സിഐ സുനിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിലെല്ലാം ഗാനങ്ങൾ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. കലിപ്പ്, ഷാപ്പ്, തുടങ്ങിയ സിനിമകളിലും സുനിൽ ഗാനരചന നിർവഹിച്ചിട്ടുണ്ട്.