ഇടുക്കി: ജലനിരപ്പ് താഴ്ത്തിയതോടെ കല്ലാര്‍കുട്ടി അണക്കെട്ടില്‍ മീന്‍പിടിത്തം ആഘോഷമാക്കി നാട്ടുകാര്‍. അണക്കെട്ടിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വെള്ളിയാഴ്‌ച രാവിലെയോടെ ജലനിരപ്പ് താഴ്ത്തിയത്. പനംകുട്ടി പവര്‍ഹൗസില്‍ പരമാവധി വെള്ളമൊഴുക്കി, ഉല്‍പാദനം വര്‍ധിപ്പിച്ചാണ് ജലനിരപ്പ് താഴ്ത്തിയത്. ഇതോടെ പ്രദേശവാസികള്‍ക്ക് ചാകരയായി. 20 കിലോയോളം വരുന്ന മീനുകള്‍ വരെ വലയെറിഞ്ഞവര്‍ക്ക് ലഭിച്ചു.
കല്ലാര്‍കുട്ടിയിലെ സമീപമേഖലകളില്‍ നിന്നും ആളുകള്‍ മീന്‍ പിടിക്കാന്‍ അണക്കെട്ടിലെത്തി. അണക്കെട്ടിലിറങ്ങിയുള്ള മീന്‍പിടിത്തം കാണാനും നിരവധിയാളുകൾ കല്ലാര്‍കുട്ടിയിലെത്തിയിരുന്നു. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിയത് കത്തിപ്പാറയിലെ വൈദ്യുതി വകുപ്പ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന കുടുംബങ്ങളെ വലച്ചു. അപ്രതീക്ഷിതമായി വെള്ളം താഴ്ന്നതോടെ വാഹനങ്ങളില്‍ വെള്ളമെത്തിച്ചാണ് കുടുംബങ്ങള്‍ പ്രശ്‌നം പരിഹരിച്ചത്.