ഇടുക്കി: ഇടികൂട്ടിലെ ഇടിമുഴക്കമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇടുക്കിക്കാരായ സഹോദരിമാര്‍(Judo Sisters). നെടുങ്കണ്ടത്തെ കൊച്ചു വീട്ടില്‍ നിന്നും സോണിയയും സോഫിയയും നെയ്‌തെടുക്കുന്നത് ദേശീയ ജൂഡോമത്സരങ്ങളില്‍ കേരളത്തിന്‍റെ (Judo in Kerala) മെഡല്‍ സ്വപ്‌നങ്ങളാണ്.
സോണിയ ആറ് തവണ ദേശീയ ജൂഡോ മത്സരങ്ങളില്‍ കേരളത്തിനായി മാറ്റുരച്ചു. ഇന്‍റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. ദേശീയ മത്സരത്തില്‍ വെങ്കല നേട്ടവും സ്വന്തമാക്കി. സഹോദരി സോഫിയയും ഒരു തവണ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
ഏഴാം ക്ലാസ് മുതലാണ് സോണിയയും സോഫിയയും ജൂഡോ പരിശീലനം ആരംഭിച്ചത്. സോണിയ ബിരുദ പഠനം പൂര്‍ത്തീകരിച്ചു. സോഫിയ നെടുങ്കണ്ടം എംഇഎസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. നെടുങ്കണ്ടം സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്നും ലഭിച്ച ചിട്ടയായ പരിശീലനത്തിലൂടെയാണ് ഈ സഹോദരിമാര്‍ ഇടികൂട്ടിലെ താരങ്ങളായി മാറിയിരിക്കുന്നത്.
ALSO READ : Mullaperiyar Dam Opens | മുല്ലപ്പെരിയാർ ഡാമിന്‍റെ ഏഴ് ഷട്ടറുകൾ തുറന്നു ; പെരിയാർ കരകളിൽ ജാഗ്രതാനിർദേശം
കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന അച്ഛന്‍ കുഞ്ഞുമോന്‍റെയും അമ്മ അമ്പിളിയുടേയും നിശ്ചയ ദാര്‍ഢ്യമാണ് ഇരുവരുടേയും വിജയത്തിന്‍റെ കരുത്ത്. വാസയോഗ്യമായ നല്ലൊരു വീടുപോലും ഇല്ലെങ്കിലും സോണിയയുടേയും സോഫിയയുടേയും സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാന്‍ മാതാപിതാക്കള്‍ ഒപ്പമുണ്ട്.