ഇടുക്കി: സാമ്പാറും മോരും ഉൾപ്പെടെ നാല് കൂട്ടം കറിയും നല്ല തുമ്പപ്പൂ ചോറും വേണോ അതും വെറും ഇരുപത് രൂപക്ക്. എങ്കിൽ മടിക്കണ്ട രാജകുമാരി ജനകീയ ഹോട്ടലിലേക്ക് വന്നാൽ മതി. കുറഞ്ഞ നിരക്കിൽ രാജകീയ ഭക്ഷണമാണ് രാജകുമാരിയിൽ പ്രവർത്തനം ആരംഭിച്ച ജനകീയ ഹോട്ടലിൽ നിന്നും ലഭിക്കുക
സംസ്ഥാന സർക്കാരിന്‍റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ രാജകുമാരിയിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. 20 രൂപക്ക് മോരും സാമ്പാറും ഉൾപ്പെടെ നാല് കൂട്ടം കറിയും, മികച്ചയിനം അരിയുടെ ചോറും ഇവിടെ നിന്നും ലഭിക്കും. ആവശ്യമുള്ളവർക്ക് സ്‌പെഷ്യൽ കറികളും വാങ്ങാം.
രാവിലെ പൊറോട്ട, പുട്ട്, ഉപ്പുമാവ്, അപ്പം, പൂരി തുടങ്ങിയവയും മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം നിലവിൽ പാഴ്‌സൽ ആയാണ് നൽകുന്നത്. ലോക്ക് ഡൗണ്‍ പിൻവലിക്കുന്നതോടെ ഇരുന്ന് കഴിക്കുന്നതിനുള്ള സൗകര്യം നൽകും. പഞ്ചായത്ത് ഓഫീസിന് സമീപം 'ഐശ്വര്യ' കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്.