ഇടുക്കി: കൊന്നത്തടി വില്ലേജ് ഓഫീസില്‍ അടിയന്തരമായി കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജീവനക്കാർ കുറവായതിനാൽ ഓഫീസിൽ എത്തുന്ന ആളുകള്‍ക്ക് ഇടപാടുകള്‍ നടത്തണമെങ്കിൽ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.സാധാരണ ഓഫീസ് പ്രവർത്തനങ്ങള്‍ക്കുള്ള ജീവനക്കാര്‍ പോലും ഇവിടെയില്ല.
നൂറ്റിപത്ത് സ്ക്വയര്‍ കിലോമീറ്ററാണ് കൊന്നത്തടി വില്ലേജ് ഓഫീസിന്റെ സ്ഥല പരിധി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തണ്ടപ്പേര്‍ നമ്പറുകള്‍ ഉള്ള വില്ലേജ് കൂടിയാണ് കൊന്നത്തടി. ഇരുപത്തി മൂവായിരത്തില്‍പരം തണ്ടപ്പേര്‍ നമ്പറുകള്‍ ഇവിടെയുണ്ട്. പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലടക്കം ജീവനക്കാരുടെ എണ്ണക്കുറവ് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. നിലവിലുള്ള ജീവനക്കാർക്ക് ജോലിഭാരം ഇരട്ടിയാകുന്നതിനാൽ അധിക സമയം പണിയെടുക്കേണ്ടി വരുന്നു.നിരവധി കയ്യേറ്റ വിഷയങ്ങളടക്കമുള്ള കേസുകൾ വില്ലേജില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.