ഇടുക്കി: ജില്ലയിലെ മരം കൊള്ളയുടെ കഥകള്‍ പുറത്ത് വരുന്ന സാഹചര്യത്തിൽ ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങള്‍ വെട്ടിവില്‍ക്കാന്‍ കൂട്ടുനിന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന ആരോപണവും ശക്തം. കൊന്നത്തടി മങ്കുവയിലെ റവന്യൂ പുറം പോക്കില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന തേക്ക് മരം മുറിച്ച് കടത്താന്‍ റെയിഞ്ചോഫീസര്‍ അടക്കമുള്ളവര്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.
മരം മുറി സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്‍റെ മറവില്‍
കൊന്നത്തടി വില്ലേജിലെ മാങ്കുവ പാലത്തിന് സമീപത്തുനിന്നും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തേക്കുമരങ്ങള്‍ മുറിക്കുന്നതിന് കൊന്നത്തടി വില്ലേജില്‍ നിന്നും സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പ് നല്‍കിയിരുന്നു.ഇതിന്‍റെ മറവിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേര്‍ന്നുള്ള റവന്യൂ പുറംപോക്കില്‍ നിന്നും വന്‍ തേക്കുമരങ്ങള്‍ മുറിച്ച് കടത്തിയത്. അടിമാലി റെയിഞ്ചോഫീസറടക്കമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരങ്ങള്‍ കടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. റവന്യൂ പുറംപോക്കില്‍ നിന്നും മരം മുറിച്ചതിനെതിരേ വില്ലേജ് ഓഫീസര്‍ തഹസീല്‍ദാര്‍ക്കും ജില്ലാ കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.
also read:സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി,വര്‍ധന മെയ് 4 നിപ്പുറം 24ാം തവണ
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഫ്ലൈയിംഗ് സ്ക്വാഡെത്തി പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തടിയുടെ ഉടമസ്ഥാവകാശവും ഏറ്റെടുത്തു. അതേസമയം അടിമാലി റെയിഞ്ചിന്‍റെ പരിധിയില്‍ വ്യാപകമായ മരം കൊള്ള നടക്കുന്നുണ്ടെന്നും ഇതിന് കൂട്ടു നില്‍ക്കുന്നത് ഉദ്യോഗസ്ഥരാണെന്നും ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് എത്തി.