ഇടുക്കി: ചിന്നക്കനാല്‍ ബി എല്‍ റാവില്‍ അനധികൃത കെട്ടിട നിര്‍മാണം. പ്രളയത്തില്‍ തകര്‍ന്ന വീട് നിര്‍മിക്കുന്നതിന് പോലും അനുമതി നല്‍കാത്ത ബി എല്‍ റാവിലാണ് വന്‍കിട്ട കെട്ടിട നിര്‍മാണത്തിന് അധികൃതര്‍ മൗനാനുവാദം നല്‍കുന്നത്.
എഴുപതുകളില്‍ കുടിയേറി പാര്‍ത്തവരാണ് ബി എല്‍ റാവ് നിവാസികള്‍. എന്നാല്‍ ഇവിടം ആനയിറങ്കല്‍ ഡാമിന്‍റെ ക്യാച്ച്മെന്‍റ് ഏരിയായെന്നാണ് റവന്യൂ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതുവരെ പട്ടയവും നല്‍കിയിട്ടില്ല. നിലവില്‍ നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന പ്രദേശത്ത് ഒരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയും റവന്യൂവകുപ്പ് നല്‍കുന്നതല്ല. മുമ്പ് ഇവിടെ നിര്‍മിച്ച വീട് പോലും ക്യാച്ച്മെന്‍റ് ഏരിയായുടെ പേരില്‍ റവന്യൂവകുപ്പ് പൊളിച്ച് നീക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന് വീടുകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ഇതിന്‍റെ പേരില്‍ നിഷേധിച്ചിരുന്നു.
എന്നാല്‍ നിലവില്‍ വലിയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്ത് വന്‍കിട നിര്‍മാണങ്ങള്‍ തകൃതിയായി നടക്കുകയാണ്. വില്ലേജ്, പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രളയത്തില്‍ തകര്‍ന്ന വീട് നിര്‍മിക്കാന്‍ പോലും അനുമതി നിഷേധിക്കുകയും നിര്‍മാണ നിരോധനം നിലനില്‍ക്കുകയും ചെയ്യുന്ന സമയത്ത് വന്‍കിടക്കാരില്‍ നിന്നും പണം കൈപറ്റി ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. വന്‍കിട നിര്‍മാണങ്ങള്‍ക്കെതിരേയും അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും ജില്ലാ ഭരണകൂടം ഇടപെടല്‍ നടത്തണമെന്നും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടു.