ഇടുക്കി: പന്ത്രണ്ട് ലിറ്റർ ചാരായവുമായി ഉടുമ്പൻചോലയിൽ ഒരാൾ പിടിയിൽ. കല്ലറയ്ക്കൽ ടി സജീഷ് കുമാറിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പൻചോലയിൽ നടത്തിയ പരിശോധനയിൽ ഏലം ഡ്രയറിന് ഉള്ളിൽ നിന്നും ഇയാളെ പിടികൂടിയത്.
ഇയാൾ ഏലത്തോട്ടത്തിനുള്ളിൽ ചാരായം നിർമ്മിച്ച് വിൽപ്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. 1500 മുതൽ 2000 രൂപ വരെ നിരക്കിലാണ് ചാരായം വിറ്റിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു.
ആഴ്‌ചകളായി മേഖലയിലെ ബാറുകളിലും ബീവറേജസ് ഔട്ട്ലെറ്റുകളിലും വിലകുറഞ്ഞ വിദേശ മദ്യം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിനെത്തുടർന്ന് ഇടുക്കി തോട്ടം മേഖലയിൽ ഉൾപ്പെടെ നിലച്ചിരുന്ന വ്യാജ മദ്യ നിർമാണം പുനരാരംഭിച്ചതായാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. ഇതിന്‍റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചിരുന്നു. തോട്ടം മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.