ഇടുക്കി: റോഡ് നവീകരണത്തിന് ഫണ്ടനുവധിച്ചശേഷം ആ പണം വകമാറ്റിയതായി പരാതി. പൂര്‍ണ്ണമായി തകര്‍ന്ന ബൈസണ്‍വാലി പഞ്ചായത്തിലെ സൊസൈറ്റിമേട്- പെരിയകനാല്‍ റോഡിന്‍റെ ഫണ്ട് വകമാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നതിനൊപ്പം തന്നെ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് നാട്ടുകാര്‍.
കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിന്‍റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാര്‍ പ്രതിഷേധമുയർത്തിയതോടെയാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് മുൻ ഭരണസമതി റോഡ് നവീകരണത്തിനായി ഇരുപത് ലക്ഷം രൂപ അനുവദിച്ചിരുന്നത്. ആറ് കിലോമീറ്റർ ദൂരം വരുന്ന റോഡിന്‍റെ ഒരു കിലോമീറ്റർ കോൺക്രീറ്റ് ചെയ്യുന്നതിനാണ് ഫണ്ട് അനുവദിച്ചിരുന്നത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡർ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ പുതിയ ഭരണ സമതി അധികാരത്തിലെത്തിയതോടെ സാങ്കേതിക കാരണങ്ങളുണ്ടെന്ന് പറഞ്ഞ് ഫണ്ട് മറ്റൊരു റോഡിനായി വകയിരുത്തുകയായിരുന്നു.