ഇടുക്കി : സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളജായ ഇടുക്കി ഉടുമ്പൻചോല മെഡിക്കൽ കോളജ് സ്വപ്‌നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു. ഉടുമ്പൻചോലയ്ക്ക് സമീപം മാട്ടുത്താവളത്ത് ആരംഭിക്കുന്ന മെഡിക്കൽ കോളജിന് അനുവദിച്ച സ്ഥലം ആയുർവേദ മെഡിക്കൽ വകുപ്പിന് കൈമാറി. റവന്യൂ വകുപ്പിൽ നിന്നും ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം ഉടുമ്പൻചോല എംഎൽഎ എംഎം മണിയാണ് ആയുർവേദ മെഡിക്കൽ വകുപ്പ് പ്രതിനിധി ഡോ. ആൻസി തോമസിന് കൈമാറിയത്.
ALSO READ: വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ജല പദ്ധതികള്‍ വേണം: മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി
21 ഏക്കറിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ആയുർവേദ മെഡിക്കൽ കോളജാണ് മാട്ടുത്താവളത്ത് സ്ഥാപിക്കാൻ അനുമതിയായിരിക്കുന്നത്. 400 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇടുക്കി ജില്ലയുടെ ആരോഗ്യരംഗത്ത് വൻ കുതിപ്പ് ഉണ്ടാക്കുന്ന പദ്ധതിയാണ് ആയുർവേദ മെഡിക്കൽ കോളജെന്ന് എംഎം മണി പറഞ്ഞു. നടപടികൾ പൂർത്തിയായാൽ ഉടൻതന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.