ഇടുക്കി: മുതുവാന്‍ ഭാഷയില്‍ കിനാരക്ക എന്നാല്‍ സ്വപ്‌നച്ചിറകിലേറി എന്നാണ് അര്‍ത്ഥം. അത്തരമൊരു സ്വപ്‌ന യാത്രയുടെ ആവേശത്തിലാണ് മൂന്നാറിലെ മുതുവാന്‍ ഗോത്ര വിഭാഗത്തിലെ കുട്ടികള്‍. ആദ്യമായി വിമാനത്തിലേറി ആകാശ യാത്ര നടത്തിയതിന്‍റെ ആവേശത്തില്‍.
പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ നേതൃത്വത്തിലാണ് മൂന്നാര്‍ പ്രീമെട്രിക് ഹോസ്‌റ്റലിലെ വിദ്യാര്‍ഥികള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചത്. മൂന്നാറില്‍ നിന്നും ബസ് മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി അവിടെ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തേക്ക്. തലസ്ഥാന നഗരയുടെ കാഴ്ചകള്‍ ആസ്വദിച്ച ശേഷം, ട്രെയിനില്‍ മടക്കം.
56 കുട്ടികളാണ് മൂന്നാറിലെ പ്രീമെട്രിക് ഹോസ്‌റ്റലില്‍ പഠിക്കുന്നത്. ഇവരെല്ലാം തന്നെ മുതുവാന്‍ ഗോത്ര വിഭാഗത്തില്‍പെട്ടവാണ്. മാത്രല്ല ഇവരില്‍ 28 പേരും ഇടമലകുടികാരുമാണ്. ഇടമലകുടികാര്‍ക്കൊപ്പം മാങ്കുളം, മറയൂര്‍ തുടങ്ങിയ മേഖലയില്‍ നിന്നുള്ള കുട്ടികളുമുണ്ട്. എയര്‍പോര്‍ട്ടിലെ കാഴ്‌ചകളും വിമാനയാത്രയുമെല്ലാം ആസ്വദിക്കുന്നതിന്‍റെ ആവേശത്തിലായിരുന്നു കുട്ടികള്‍.
രണ്ട് ബാച്ചുകളായാണ് വിദ്യാര്‍ഥികളും ഹോസ്‌റ്റല്‍ ജീവനക്കാരുമടങ്ങുന്ന സംഘം പഠനയാത്ര നടത്തിയത്. മൂന്നര ലക്ഷം രൂപയോളം മുടക്കിയാണ് വകുപ്പ് ഇവരുടെ ഈ സ്വപ്‌ന യാത്ര യാഥാര്‍ത്ഥ്യമാക്കിയത്. വിമാന, ട്രെയിന്‍ യാത്രകള്‍ക്കൊപ്പം നഗര ജീവിത കാഴ്‌ചകളുടെ അറിവുകള്‍ കൂടി കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.