ഇടുക്കി: മഴക്കാലത്ത് ദുരിത യാത്ര അനുഭവിക്കുന്ന ഇടുക്കി പന്നിയാര്‍കൂട്ടി പോത്തുപാറ നിവാസികള്‍ക്ക് ആശ്വാസവുമായി പുതിയ പാലത്തിന്‍റെ നിർമാണം. ദുരിതങ്ങൾക്കിടയിലും പുതിയ പാലം വരുന്നതിന്‍റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.
കൊന്നത്തടി-വെള്ളത്തുവല്‍ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ കോണ്‍ക്രീറ്റ് പാലം. ഇടുക്കി ജില്ലയെ പാടെ തകർത്ത 2018ലെ പ്രളയത്തിലാണ് മലവെള്ളപ്പാച്ചിലില്‍ മുതുരപ്പുഴക്ക് കുറുകെ ഉണ്ടായിരുന്ന പന്നിയാര്‍കൂട്ടിയിലെ ചെറിയ പാലം തകര്‍ന്നത്. പാലം തകര്‍ന്നതിന് ശേഷം നാട്ടുകാര്‍ ചേര്‍ന്ന് മുളയും കമുകും ഉപയോഗിച്ച് പലതവണ നടപ്പാലം നിര്‍മിച്ചെങ്കിലും അവയെല്ലാം നീരൊഴുക്ക് വര്‍ധിക്കുമ്പോള്‍ ഒലിച്ച് പോകുകയാണ് പതിവ്. ഇതോടെയാണ് പുതിയ പാലമെന്ന ആവശ്യം ഉയർന്നു വന്നത്.
മുന്‍ എം.എല്‍.എ പാലം പുതുക്കി നിര്‍മിക്കുന്നതിന് 35ലക്ഷം രൂപ അനുവദിച്ചെങ്കിലും നിര്‍മാണം വൈകി. ഇതോടെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹാരമില്ലാതെ തുടർന്നു. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് നിലവില്‍ പാലം നിര്‍മാണത്തിന് തുടക്കമായിരിക്കുന്നത്. മുതുരപ്പുഴയില്‍ വെള്ളം ഉയര്‍ന്നാലും പാലം മുങ്ങാത്ത തരത്തില്‍ ഉയരം കൂട്ടിയും കാറും ജീപ്പും അടക്കമുള്ള വാഹനങ്ങള്‍ക്ക് കടന്നു പേകാന്‍ കഴിയുന്ന തരത്തില്‍ എട്ട് മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്‍റെ നിര്‍മാണം.
പാലത്തിന്‍റെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്ന് ദേവികുളം എം.എല്‍.എ എ.രാജയുടെ ഉറപ്പ് നൂറ് കണക്കിന് വരുന്ന കുടുംബങ്ങള്‍ക്കാണ് ആശ്വാസം പകരുന്നത്. എന്നാൽ കാലവർഷം പൂർത്തിയാകുന്നതിന് മുൻപ് നിർമാണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് വിവരം. അതിനാൽ പാലത്തിന്‍റെ നിർമാണം പൂർത്തിയായി ദുരിത യാത്ര അവസാനിക്കുമെന്ന കാത്തിരിപ്പിലാണ് പ്രദേശവാസികൾ.