ഇടുക്കി : കടുവകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യക്കഥ ഓർമിപ്പിച്ച് രാജ്യം ഇന്ന് അന്താരാഷ്‌ട്ര കടുവ ദിനം ആചരിക്കുമ്പോൾ കടുവ ഭീതിയിലാണ് ഇടുക്കി ജില്ലയിലെ മൂന്നാർ തോട്ടം മേഖലയിലെ ജനങ്ങൾ. ജനവാസ മേഖലയിലേയ്‌ക്ക് കടുവ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് ജില്ലയിൽ നിത്യ സംഭവമായിരിക്കുകയാണ്. എന്നാൽ പ്രശ്‌നത്തിൽ അനങ്ങാപ്പാറ നയമാണെന്നാണ് വനം വകുപ്പിനെതിരെ പൊതുജനങ്ങളിൽ നിന്നും സിപിഎമ്മിൽ നിന്നും ഉയരുന്ന ആക്ഷേപം.
മൃഗ സംരക്ഷണത്തിനായി വനം വകുപ്പ് കാണിക്കുന്ന പരിഗണനയുടെ പാതിയെങ്കിലും തോട്ടം മേഖലയിലെ സാധരണ കുടുംബങ്ങളോട് ഉണ്ടാകണമെന്ന് ജനങ്ങൾ പറഞ്ഞു. ക്ഷീരകർഷകരുടെ വരുമാന മാർഗമായ പത്തിലധികം പശുക്കളെയാണ് ഒരു മാസത്തിനിടെ കടുവ കൊന്നത്. കടുവയുടെയും പുലിയുടെയും ആക്രമണം മനുഷ്യർക്ക് നേരെയും ഉണ്ടാക്കുമെന്ന ആശങ്കയിലാണ് നിലവിൽ പ്രദേശത്തെ ജനങ്ങൾ.
സമരത്തിനൊരുങ്ങി തൊഴിലാളികൾ : ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് നേരെയും കുട്ടികൾക്ക് നേരെയും കടുവയുടെ ആക്രമണം ഉണ്ടാകുമെന്ന ആശങ്ക ഇവർക്കുണ്ട്. ഇനി വളർത്ത് മൃഗങ്ങൾക്ക് നേരെ വന്യജീവി ആക്രമണം ഉണ്ടായാൽ ശക്തമായ സമരപരിപാടികൾ വനം വകുപ്പ് ഓഫിസിന് മുന്നിൽ നടത്താനാണ് തോട്ടം മേഖലയിലെ തൊഴിലാളികളുടെ തിരുമാനം.
വനം വകുപ്പിനെതിരെ എംഎം മണി : അതേസമയം, വനം വകുപ്പിനെതിരെ സിപിഎമ്മും കടുത്ത വിമശനം ഉന്നയിച്ചിരുന്നു. വനം വകുപ്പ് ദുഷ്‌ട ലാക്കോട് കൂടിയാണ് ഇടുക്കിയെ നോക്കിക്കാണുന്നതെന്ന് ഉടുമ്പൻചോല എംഎൽഎ എം എം മണി ആഞ്ഞടിച്ചു. നാട്ടിലേക്ക് വന്യമൃഗങ്ങളെ ഇറക്കിവിട്ട് ആളുകളെ ഓടിക്കുവാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. വന വിസ്‌തൃതി വർധിപ്പിക്കുവാനുള്ള ശ്രമം എന്തുവിലകൊടുത്തും തടയും. വനം വനമായും ജനവാസ മേഖലയെ ജനവാസ മേഖലയായും നിലനിർത്തുക എന്നതാണ് സിപിഎമ്മിന്‍റെ നിലപാടെന്നും എം എം മണി പറഞ്ഞു.
ഉപയോഗമില്ലാതെ കിടക്കുന്ന റവന്യൂഭൂമി ഭൂരഹിതർക്ക് നൽകണം എന്നുള്ളതാണ് ഗവൺമെന്‍റിന്‍റെ നിലപാട്. എന്നാൽ ഈ ഭൂമിയെല്ലാം വനഭൂമിയാക്കി മാറ്റുക എന്നുള്ളതാണ് വനം വകുപ്പിന്‍റെ ഉദ്ദേശം. ഇതൊന്നും അംഗീകരിച്ചു കൊടുക്കുവാൻ സാധിക്കില്ല. വരും ദിവസങ്ങളിലും വനം വകുപ്പിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ നിലപാട് താനും പാർട്ടിയും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുവയും പുലിയും തന്നെയാണ് ആക്രമണം നടത്തുന്നതെന്ന് വനം വകുപ്പ് സ്ഥിരീകരിക്കുമ്പോഴും ഇവയെ തുരത്താൻ യാതൊരു നടപടി ഉദ്യോഗസ്ഥർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ക്യാമറകൾ സ്ഥാപിച്ച് കടുവയെ നിരീക്കണമെന്നും സുരക്ഷയ്‌ക്കായി വനപാലകരെ നിയോഗിക്കണമെന്നുമുള്ള ആവശ്യങ്ങൾ പ്രദേശവാസികൾ മുന്നോട്ട് വച്ചിട്ടും യാതൊരു പ്രതികരണവും വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
Also Read : Idukki wildlife attacks| വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടി ഇടുക്കി; നഷ്‌ടപരിഹാരം കാത്ത് നൂറുകണക്കിന് കർഷകർ