ഇടുക്കി: ഇടുക്കിയുടെ വാണിജ്യ വിനോദസഞ്ചാര സ്വപ്‌നങ്ങൾക്ക് പുത്തനുണർവ് നൽകി പ്രതീക്ഷയുടെ ചൂളംവിളിയുമായി അതിർത്തി ഗ്രാമമായ തമിഴ്‌നാട്ടിലെ തേനിയിൽ തീവണ്ടിയെത്തി. 12 വർഷത്തെ ഇടവേളക്ക് ശേഷമാണ് തമിഴ്‌നാടിന്‍റെ റെയിൽവേ മാപ്പിൽ തേനി ജില്ല ഉൾപ്പെടുന്നത്. തേനി-മധുര ട്രെയിൻ സർവീസ് ആരംഭിച്ചത് ഇടുക്കിയുടെ വിനോദ സഞ്ചാര മേഖലക്കും കാർഷിക മേഖലയും ഏറെ ഗുണകരമാകും.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും പുതിയ റെയിൽപാത ഏറെ ഗുണകരമാകും. ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ ഉടുമ്പൻചോല, പീരുമേട്, ദേവികുളം മേഖലകൾക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് തേനി. ഇടുക്കിയിലെ സുഗന്ധ വ്യഞ്ജന വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും തേനി റെയിൽവേ സ്റ്റേഷൻ മുതൽക്കൂട്ടാകുമെന്നാണു കർഷകരുടെ പ്രതീക്ഷ.
1928ൽ ബ്രിട്ടീഷുകാർ നിർമിച്ച മധുര-ബോഡിനായ്‌ക്കന്നൂർ പാത ബ്രോഡ്‌ഗേജാക്കുന്നതിന്‍റെ ആദ്യ പടിയായിട്ടാണ് മധുര-തേനി റെയിൽവേ പാത പൂർത്തിയായത്. ബോഡിനായ്‌ക്കന്നൂരിലേക്ക് ഇനി 17 കിലോമീറ്റർ കൂടി പൂർത്തിയാകണം. അത് പൂർത്തിയാകുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.
ആദ്യഘട്ടത്തിൽ മധുരയിൽ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിൻ 9.35ന് തേനിയിലെത്തും. ഈ ട്രെയിൻ വൈകിട്ട് 6.15നാണ് തിരികെ തേനിയിൽ നിന്ന് മധുരയിലേക്ക് തിരിക്കുക. 7.35ന് മധുരയിൽ എത്തും. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് ഈ സമയക്രമം. വൈകിട്ട് 7.35ന് മധുരയിൽ എത്തിയാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളിൽ യാത്ര തുടരാം. മധുരയിൽ രാവിലെ ട്രെയിൻ ഇറങ്ങുന്നവർക്ക് തേനിയിലും എളുപ്പത്തിൽ എത്താം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് നിവാസികൾക്ക് ഇതേറെ അനുഗ്രഹമാണ്.
450 കോടി രൂപ ചെലവഴിച്ചാണ് മധുരയിൽ നിന്ന് തേനിവരെയുള്ള ജോലികൾ പൂർത്തീകരിച്ചത്. മധുരയിൽ നിന്ന് ആണ്ടിപ്പട്ടി വരെ 56 കിലോമീറ്റർ 2020 ഡിസംബറിലും ആണ്ടിപ്പട്ടി മുതൽ തേനിവരെയുള്ള 17 കിലോമീറ്റർ ഇക്കഴിഞ്ഞ മാർച്ചിലും വേഗപരിശോധന നടത്തി യാത്രയ്ക്ക് അനുയോജ്യമെന്ന് ഉറപ്പാക്കിയിരുന്നു.
തേനിയിൽ നിന്നും ബോഡിനായ്‌ക്കന്നൂരിനുള്ള 17 കിലോമീറ്റർ ദൂരം കൂടി നിർമാണ ജോലികൾ പൂർത്തിയായാൽ അതിർത്തി ഗ്രാമമായ പൂപ്പാറയിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിയിൽ എത്തുവാൻ സാധിക്കും. ബോഡിനായ്‌ക്കന്നൂരിലേക്കും ട്രെയിൻ എത്തി തുടങ്ങുന്നതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്ക് നീക്കത്തിനും വിനോദ സഞ്ചാരമേഖലക്കും പുത്തൻ ഉണർവാകും.
തേനിയിൽ നിന്ന് കുമളി ലോവർ ക്യാംപ് വരെ റെയിൽപാത നീട്ടാനുള്ള പദ്ധതിയും റെയിൽവേയുടെ പരിഗണനയിലാണ്. ഈ പദ്ധതി യാഥാർഥ്യമായാൽ ഇടുക്കിയുടെ 7 കിലോമീറ്റർ അകലെ വരെ ട്രെയിൻ എത്തും.