ഇടുക്കി: തലകുത്തിനിന്ന് റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇടുക്കി മുരിക്കുംതൊട്ടി മാടകയില്‍ സജന്‍. യോഗാഭ്യാസത്തിലെ ശീര്‍ഷപത്മത്തില്‍ നിന്നുകൊണ്ടാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സും ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സും ഇദ്ദേഹം കരസ്ഥമാക്കിയത്. ശീര്‍ഷപത്മത്തില്‍ നിന്ന് ഗിന്നസ് നേട്ടത്തിനായുള്ള തയാറെടുപ്പിലാണ് യോഗ അധ്യാപകൻ കൂടിയായ സജൻ.
യോഗയുടെ അടിസ്ഥാന തത്വങ്ങളായ 195 പതഞ്ജലി യോഗസൂത്രങ്ങള്‍ പദ്‌മാസനത്തില്‍ തല കീഴായി നിന്ന് മനഃപാഠം ചൊല്ലിയതിനാണ് സജന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടിയത്. 17 മിനിട്ട് സമയമെടുത്താണ് സംസ്കൃതത്തിലുള്ള പതഞ്ജലി യോഗസൂത്രങ്ങള്‍ സജന്‍ ഉരുവിട്ടത്.
ALSO READ:ഉയരക്കുറവ് ഒരു കുറവല്ല, പറയുന്നത് പാര അത്‌ലറ്റിക്സില്‍ ഇരട്ടസ്വര്‍ണം നേടിയ സനല്‍
അടുത്തതായി ഗിന്നസ് ബുക്കില്‍ ഇടം നേടണമെന്നതാണ് സജന്‍റെ ലക്ഷ്യം. ഇതിനായുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഗിന്നസ് അധികൃതര്‍ കേരളത്തിലെത്തി സജന്‍റെ പ്രകടനം വിലയിരുത്തുമെന്നും ഇദ്ദേഹം പറയുന്നു.
56കാരനായ സജന്‍ ഒമ്പത് വയസ് മുതല്‍ യോഗ അഭ്യസിക്കുന്നുണ്ട്. നേരത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗ അഭ്യസിപ്പിച്ചിരുന്നു. എറണാകുളം കലൂരില്‍ നൂറാ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ സെന്‍റർ നടത്തുന്ന സജന് ഒട്ടേറെ ശിഷ്യരുണ്ട്.