ഇടുക്കി : ജില്ലയില്‍ മഴ ശക്തമാകുന്നു. ബുധനാഴ്‌ച രാത്രി മുതല്‍ അതിശക്തമായ മഴയാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയത്. ഉടുമ്പൻചോലയിൽ 11.6 മില്ലിമീറ്ററും, ദേവികുളത്ത് 39 മില്ലിമീറ്ററും, പീരുമേട് 42.3, ഇടുക്കി 31.6, തൊടുപുഴ 57.6 മില്ലിമീറ്റര്‍ എന്നിങ്ങനെയും മഴ രേഖപ്പെടുത്തി.
ശക്തമായ മഴയിലും കാറ്റിലും വിവിധ ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ഉടുമ്പൻചോല, നമരി, ചതുരംഗപ്പാറ എന്നിവിടങ്ങളിലാണ് മരങ്ങൾ നിലംപൊത്തിയത്. നെടുങ്കണ്ടം കോമ്പയാര്‍ പുതകില്‍ സുരേഷിന്‍റെ വീടിന് മുകളിലേയ്ക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.
വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന സുരേഷും കുടുംബവും ഒരു മണിക്കൂറോളം വീടിനുള്ളില്‍ കുടുങ്ങി. സമീപത്തെ പതിനൊന്ന് കെവി വൈദ്യുത ലൈനും വീടിന് മുകളിലേയ്ക്ക് പൊട്ടി വീണിരുന്നു. അടിമാലി നേര്യമംഗലം കട്ടപ്പന റൂട്ടിൽ മരം കടപുഴകി വീണ് ഗതാഗത തടസം ഉണ്ടായി.
Also Read: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഫയർഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനടക്കം തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പുഴയിലേയ്ക്കിറങ്ങുന്നതിനും ജാഗ്രതാനിര്‍ദേശം നല്‍കി. പഞ്ചായത്തുകളിലടക്കം കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും വിവിധ വകുപ്പുകളുമായി ആശയ വിനിമയം നടത്തി സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.