ഇടുക്കി: തെക്കിന്‍റെ കശ്‌മീരായ മൂന്നാറിന്‍റെ മടിത്തട്ടിൽ മഞ്ഞും മഴയുമേറ്റ് ഉറങ്ങുന്ന സുന്ദര ഭൂമിയാണ് പെരിയകനാൽ. സഹ്യപർവത നിരയുടെ ചെരിവില്‍ തേയില തോട്ടങ്ങളാൽ സമൃദ്ധമാണ് ഇവിടം. ജൂലൈയിലെ നൂൽമഴയിൽ നനഞ്ഞുകുതിർന്ന തേയില ചെരിവുകള്‍, കാറ്റിനൊപ്പം ഒളിച്ചുകളിക്കുന്ന മൂടൽ മഞ്ഞ്, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം എന്നിവ പെരിയകനാലിനെ ആകര്‍ഷകമാക്കുന്നു. അതുകൊണ്ടുതന്നെ, മൂന്നാറിനും തേക്കടിയ്‌ക്കും ഇടയിലെ ഈ പ്രദേശത്തേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ആളുകള്‍ എത്തുന്നുണ്ട്.
തേയില ഫാക്‌ടറികളില്‍ നിന്നുയരുന്ന ചായപ്പൊടി ഗന്ധവും, ദേശീയപാതയോരത്തെ തൊഴിലാളികളുടെ പല നിറത്തിലുള്ള വീടുകളും, പുറമെ കണ്‍കുളിര്‍പ്പിക്കുന്ന അനേകം കാഴ്‌ചകളും എല്ലാം മൂന്നാറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പെരിയകനാലിന് മാറ്റുകൂട്ടുന്നു. പ്രദേശത്തെ പൗവർ ഹൗസ് വെള്ളച്ചാട്ടം മറ്റൊരു മായിക ലോകമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലെ മഞ്ഞും തണുപ്പും ചാറ്റൽ മഴയും നിറഞ്ഞ കാലാവസ്ഥയും പ്രത്യേക അനുഭൂതിയുണ്ടാക്കും.
നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് എത്തുമ്പോഴാണ് കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്ക് വരാറുള്ളത്. അതേസമയം ദേശീയപാതയിലെ ഗ്യാപ്പ് റോഡില്‍ അടുത്തിടെ ഉണ്ടായ മണ്ണിടിച്ചില്‍ ഗതാഗതം ഭാഗികമായി തടസപ്പെടുത്തിയിട്ടുണ്ട്. ഇത് സഞ്ചാരികളെ വലയ്‌ക്കുന്നു. ഈ തടസം മാറുകയും കാലവർഷത്തിന് ശമനമുണ്ടാവുകയും ചെയ്‌താല്‍ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുമെന്ന് പ്രദേശവാസികള്‍ പറയുന്നു.