ഇടുക്കി: എട്ടുപേരുടെ ജീവനെടുത്ത പന്നിയാർ പെൻസ്റ്റോക്ക് ദുരന്തത്തിന് 14 വയസ്. ദുരന്തത്തിലെ ആഘാതത്തിലാണ് വെള്ളത്തൂവല്‍ നിവാസികള്‍ ഇന്നും. 2007 സെപ്റ്റംബര്‍ 17 വൈകിട്ട് നാലരയോടെയാണ് അപകടം. പന്നിയാർ വാൽവ് ഹൗസിൽ നിന്നും പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്ന പെൻസ്റ്റോക് പൈപ്പുകളിൽ ഒരെണ്ണം പൊട്ടിയതാണ് അപകടകാരണം. പന്നിയാർ, ചെങ്കുളം, നേര്യമംഗലം പവർ ഹൗസുകളിലെ ജോലിക്കാരാണ് മരിച്ച എട്ടു പേരും.
വെള്ളത്തിന്‍റെ കുത്തഴക്ക് നിയന്ത്രിക്കാനായി ഇൻഡക്കിനും ജലവൈദ്യുത നിലയത്തിനും ഇടയിലുള്ള ബട്ടർഫ്ലൈ വാൽവ് അടക്കുന്നതിന് എത്തിയ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. ആഴ്ചകള്‍ നീണ്ട തെരച്ചിലിലാണ് പരുടെയും മൃതദേഹം കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല.
അപകടത്തെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊന്മുടി അണക്കെട്ടിൽ നിന്നുള്ള ഇൻഡേക്ക് ഷട്ടർ അടച്ചത്. എക്കർ കണക്കിന് കൃഷിയും ഒരു ഡസനിലേറെ വീടുകളും വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ നാമാവശേഷമായി. അപകടത്തെ തുടര്‍ന്ന് തകരാറിലായ പവർ ഹൗസിന്‍റെ പ്രവർത്തനം 2 വർഷത്തിന് ശേഷമാണ് പുനഃരാരംഭിക്കാനായത്. പന്നിയാര്‍ പവര്‍ ഹൗസിലേക്ക് ആധുനിക രീതിയിലുള്ള പുതിയ പൈപ്പുകളാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. എങ്കിലും കാറ്റും മഴയും ശക്തമായാല്‍ വെള്ളത്തൂവല്‍ പരിസരവാസികള്‍ ഇപ്പോഴും ഭയമാണ്.