ഇടുക്കി: കഴുതകളെ ചരക്ക് ഗതാഗതത്തിന് ആശ്രയിച്ചിരുന്നതിനെക്കുറിച്ച് പഴങ്കഥകളില്‍ ധാരാളമുണ്ട്. കാലം 21-ാം നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോള്‍ പാതകളും വാഹനങ്ങളും സജീവമായി. അതുകൊണ്ടുതന്നെ ഈ ഗതാഗ മാര്‍ഗത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. എന്നാല്‍, കഴുതകളെ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നവര്‍ ഇന്നും ഇടുക്കിയിലുണ്ട്.
ഗതാഗത സൗകര്യമില്ലാത്തതിനാല്‍ വീട് നിര്‍മാണത്തിനായി സാധനങ്ങള്‍ കഴുതപ്പുറത്ത് എത്തിക്കുകയാണ് ഇടുക്കി തിങ്കള്‍ക്കാട് മന്നാക്കുടിയിലെ ആദിവാസികള്‍. ഇതിനായി തമിഴ്‌നാട്ടില്‍ നിന്നാണ് കഴുതകളെ എത്തിച്ചത്. വോട്ട് തേടിയെത്തുന്നവര്‍ വാഗ്‌ദാനങ്ങള്‍ നല്‍കുന്നതല്ലാതെ പിന്നീടാരും തങ്ങളെ തിരിഞ്ഞ് നോക്കാറില്ലെന്ന് പ്രദേശത്തെ കുടുംബങ്ങള്‍ പറയുന്നു.
ആശുപത്രിയിലെത്തിക്കുന്നത് കസേരയില്‍ ഇരുത്തി
നാട്ടുപാതകളടക്കം വീതികൂട്ടി നാഷണല്‍ ഹൈവേകളാക്കി ഹൈറേഞ്ച് വികസന പാതയിലൂടെ മുന്നേറുന്ന പ്രധാന റോഡാണ് നെടുങ്കണ്ടം രാജാക്കാട് റൂട്ട്. ഈ പാതയിലെ ഉള്‍പ്രദേശത്താണ് തിങ്കള്‍ക്കാട് മന്നാക്കുടി സ്ഥിതിചെയ്യുന്നത്. കാല്‍നടയ്‌ക്ക് പോലും റോഡ് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ പദ്ധതിയില്‍ ഇവിടുത്തുകാര്‍ക്ക് വീട് അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ ആളുകള്‍ പാടുപെടുകയാണ്.
ഒരു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശങ്ങളിലേയ്ക്ക് സാധനങ്ങള്‍ എത്തിയ്ക്കുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചെളി നിറഞ്ഞ നടപ്പാതയിലൂടെ ഇവ തലച്ചുമടായി കൊണ്ട് പോകാന്‍ കഴിയില്ല. ആശുപത്രി ആവശ്യങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ രോഗികളെ കസേരയില്‍ ഇരുത്തി ചുമന്ന് റോഡിലെത്തിക്കേണ്ട ഗതികേടാണ് തങ്ങള്‍ക്കുള്ളതെന്ന് ഊരുമൂപ്പന്‍ മണി പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എത്തുന്നവര്‍ റോഡ് നിര്‍മിക്കാമെന്നും കുടിവെള്ളമെത്തിക്കാമെന്നും പറയുമെങ്കിലും നടപ്പാക്കുന്നില്ല.
ALSO READ: തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
ആദിവാസിസമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതൊന്നും പ്രായോഗികമായി നടപ്പിലാക്കുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. നടപ്പാതകള്‍ നിര്‍മിക്കുന്ന കാര്യത്തിലടക്കം പഞ്ചായത്തും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ഇവിടുത്തെ കുടുംബങ്ങള്‍ ആരോപിക്കുന്നു.