ഇടുക്കി: തെത്‌സുകോ കുറോയാനഗിയുടെ ടോട്ടോ–ചാൻ, ജനാലയ്ക്കരികിലെ വികൃതിക്കുട്ടി എന്ന പുസ്തകത്തിലെ അനുഭവ കഥ വായിക്കുന്നതു പോലെ സുന്ദരമാണ് നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളിലെ പഠന രീതി. അറിവിന്‍റെ ലോകത്തേയ്ക്ക് ചുവടു വയ്ക്കാന്‍ എത്തുന്ന കുരുന്നുകളെ അത്ഭുത കാഴ്‌ചകളിലൂടെ കൈപിടിച്ചുയര്‍ത്തുകയാണ് ഈ സ്‌കൂള്‍. കുട്ടികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളെ വികസിപ്പിക്കുന്നതിനായി 30 ഇടങ്ങളാണ് സ്‌കൂളില്‍ സജീകരിച്ചിരിക്കുന്നത്. പ്രകൃതിയേയും കലയേയും ശാസ്ത്രത്തേയും വാഹനലോകത്തേയുമൊക്കെ അടുത്തറിഞ്ഞ് പഠനം രസകരമാക്കുന്നതിനുള്ള അവസരമാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്.
വേദിയെ സ്വയം അറിഞ്ഞ് അഭിനയവും നൃത്തവും പാട്ടുമൊക്കെ അഭ്യസിക്കുന്നതിനായി അരങ്ങ്, ആകാശ ഗോളങ്ങളെ അറിയാന്‍ ചലിയ്ക്കുന്ന സൗരയൂഥ മാതൃക, ആനയും ജിറാഫും കടുവയും ഗുഹയും പുഴയുമൊക്കെയുള്ള ഉദ്യാനം തുടങ്ങി ഒട്ടനവധി കാഴ്‌ചകള്‍ ഇവിടെയുണ്ട്. ജല വ്യോമ റെയില്‍ കര ഗതാഗതങ്ങളെ സമന്വയിപ്പിച്ച് വാഹന മാതൃകയും ഒരുക്കിയിട്ടുണ്ട്... പഴയ സ്‌കൂള്‍ ബസാണ്, ട്രെയിനായി മാറ്റിയിരിക്കുന്നത്. ഒപ്പം വിമാനവും കപ്പലും ഓട്ടോറിക്ഷയും ജീപ്പും മോട്ടോര്‍ സൈക്കിളുമെല്ലാമുണ്ട്.
സ്‌റ്റാര്‍സ് പദ്ധതിയില്‍ പ്രീപ്രൈമറി വികസനത്തിനായി അനുവദിച്ച 10 ലക്ഷം രൂപക്കൊപ്പം, നാട്ടുകാരുടെ സഹകരണത്തോടെ സ്വരൂപിച്ച ഏഴ് ലക്ഷം രൂപയും ഉപയോഗിച്ചാണ് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാൻ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ പ്ലേ ഹബുകളും സ്‌കൂളിലുണ്ട്.