ഇടുക്കി: കനത്ത മഴയില്‍ കിടപ്പാടം നഷ്‌ടമാകുമെന്ന ആശങ്കയില്‍ ഇടുക്കി നെടുങ്കണ്ടം കുന്നുകുഴി നിവാസികള്‍. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ കിടപ്പാടം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഇടുക്കി നെടുങ്കണ്ടം പ്രദേശവാസികള്‍.
മലവെള്ള പാച്ചിലില്‍ വീടുകളുടെ സമീപത്ത് നിന്നും മണ്ണ് തുടര്‍ച്ചയായി ഒലിച്ച് പോകുന്നതിനാല്‍, വീടുകള്‍ അപകടാവസ്ഥയിലാണ്. അപകട ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
കുത്തനെയുള്ള മലഞ്ചെരുവിലാണ് കുന്നുകുഴിയിലെ അഞ്ച് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന്, മലമുകളില്‍ നിന്നെത്തുന്ന മഴവെള്ളം ഇവരുടെ വീടുകള്‍ അപകടാവസ്ഥയിലാക്കിയിരിക്കുയാണ്. പല വീടുകളുടെയും പുറക് ഭാഗത്ത് നിന്നും വന്‍ തോതില്‍ മണ്ണ് ഒലിച്ചു പോവുകയും ചെയ്തു.
അഞ്ച് കുടുംബങ്ങളിലായി 15 പേരാണ് ഇവിടെ കഴിയുന്നത്. മാധവപള്ളില്‍ ഹരിദാസിന്റെ വീട് ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്. സമീപ വാസിയായ ലീലയുടെ വീടും കനത്ത മഴയില്‍ തകര്‍ന്നു.
അപകട സാധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്ന്, പ്രദേശവാസികളെ സമീപത്തെ അംഗനവാടിയിലേയ്ക്ക് താത്കാലികമായി മാറ്റി പാര്‍പ്പിച്ചു. മേഖലയിലെ അഞ്ച് കുടുംബങ്ങളെയും പുനരധിവസിപ്പിക്കാന്‍ പദ്‌ധതി ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
2018ലെ പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ പ്രദേശമാണ് കുന്നുകുഴി. അന്ന് വീടുകള്‍ക്ക് സമീപത്ത് നിന്നും മണ്ണ് ഒലിച്ച് പോയിരുന്നു. പിന്നീട്, മണ്ണിട്ട് വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം ബലപെടുത്താന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായി മണ്ണിടിയുന്ന സാഹചര്യമാണുള്ളത്.
Also Read: മഴയില്‍ മണ്‍തിട്ട ഇടിഞ്ഞ് വീട് അപകടത്തിൽ; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു