ഇടുക്കി : മൂന്നാറില്‍ കാട്ടാനശല്യത്തിന് അയവില്ല. ജനവാസ മേഖലയിലെ റോഡില്‍ കഴിഞ്ഞദിവസം രാത്രി തമ്പടിച്ച ഒറ്റയാന്‍ പടയപ്പ വഴിയാത്രക്കാരെ വലച്ചത് ചെറുതായല്ല. ഇരുട്ടിന്‍റെ മറവില്‍ തോട്ടത്തിലെത്തി നാശം വിതച്ചിരുന്ന കാട്ടാനകള്‍ പകല്‍ സമയത്തും ഭീതിവിതയ്ക്കുമ്പോള്‍ തൊഴിലാളികളും അങ്കലാപ്പിലാണ്. അതേസമയം ഇതുവഴി പോകുന്ന ചില ഡ്രൈവര്‍മാര്‍ ആനയ്‌ക്കുനേരെ അനാവശ്യപ്രകോപനം സൃഷ്‌ടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
തിങ്കളാഴ്‌ച രാത്രി മൂന്നാറിൽ നിന്നും കുറ്റിയാർ വാലിയിലേക്ക് പോവുകയായിരുന്ന ജീപ്പിന് മുൻപിലാണ് പടയപ്പ നിലയുറപ്പിച്ചത്. ആന വാഹനത്തിനുനേരെ അടുത്തതോടെ ഡ്രൈവർ തുടർച്ചയായി ഹോൺ മുഴക്കി പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ അല്‍പനേരം റോഡില്‍ തടസം സൃഷ്‌ടിച്ച ശേഷം പിൻവാങ്ങി. എന്നാല്‍ പ്രദേശവാസികളുടെ തലവേദന തീര്‍ന്നില്ല.
ഇന്നലെ കാലത്ത് കടലാർ എസ്‌റ്റേറ്റിലും പടയപ്പയെത്തി. തേയില ചെടികൾക്കിടയിൽ നിന്നും റോഡിലേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്ന പടയപ്പയെ ഇതേസമയം ഇതുവഴി കടന്നുപോവുകയായിരുന്ന വാഹനം അനാവശ്യമായി ഹോൺ മുഴക്കി പ്രകോപനം സൃഷ്‌ടിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. മാത്രമല്ല ചിലര്‍ ആനയെ കാണുമ്പോള്‍ തന്നെ വാഹനങ്ങളുടെ ഹോൺ മുഴക്കി ഗബ്‌ദകോലാഹലമുണ്ടാക്കി പ്രകോപനം സൃഷ്‌ടിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.