ഇടുക്കി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടർച്ചായി മഴ ലഭിച്ചതോടെ കടുത്ത തണുപ്പാണ് മുന്നാറിൽ അനുഭപ്പെടുന്നത്. ഇതോടെ ഡിസംബറിലെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ നിരവധി സഞ്ചാരികളും മൂന്നാറിലേക്ക് എത്തിത്തുടങ്ങി. മാൻഡോസ് ചുഴലികാറ്റിനെ തുടർന്ന് മൂന്നാറിലും പരിസര പ്രദേശങ്ങളിലും പെയ്‌ത മഴയെ തുടർന്ന് കൂടിയാണ് തണുപ്പ് വർധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും താഴ്ന്ന താപനില 9.3 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 12.1 മാണ് രേഖപ്പെടുത്തിയത്. ഡിസംബർ, ജനുവരി മാസത്തിൽ മൂന്നാർ മൈനസിലേക്ക് എത്തുന്നത് പതിവാണ്. അതുകൊണ്ടുതന്നെ മഞ്ഞും തണുപ്പും ആസ്വാദിക്കാൻ നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്ക് ഒഴുകിയെത്തുന്നത്.
തണുപ്പിന്‍റെ കാഠിന്യമേറിയതോടെ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്നും വരും ദിവസങ്ങളിൽ ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും മുന്നാറിലെ തൊഴിലാളികൾ പറയുന്നു. അതേസമയം ക്രിസ്‌തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ അടക്കുന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികൾ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ.