ഇടുക്കി : ചുമരുനിറയെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, മുറ്റത്ത് ഫൈബര്‍ സ്ളൈഡ് പാര്‍ക്ക്. കളിയും പഠനവുമായി ആവേശത്തിലാണ് ഇടുക്കി മാങ്കുളത്തെ അങ്കണവാടിയിലെ കുരുന്നുകള്‍. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ സ്‌മാര്‍ട്ട് അങ്കണവാടിയാണിത്.
ഇന്‍റര്‍നെറ്റ് സൗകര്യമുള്ള സ്‌മാര്‍ട്ട് ടി.വി, മ്യൂസിക് ബോക്‌സ്, വിവിധതരം കളിക്കോപ്പുകള്‍ തുടങ്ങിയവ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ദേവികുളം ബ്ലോക്ക് പഞ്ചായത്താണ് സ്‌മാര്‍ട്ട് അങ്കണവാടിയുടെ നിര്‍മാണത്തിന് പിന്നില്‍. ടോം ആന്‍ഡ് ജെറി, ഡൊണാള്‍ഡ് ഡക്ക്, വിന്നി ദ പൂ തുടങ്ങി കുട്ടികളുടെ ഇഷ്‌ട താരങ്ങളാണ് ചുമരുകളില്‍.
ആധുനിക രീതിയിലുള്ളതാണ് ഇരുന്ന് പഠിക്കാന്‍ സജ്ജീകരിച്ചത്. അറിവിന്‍റെ ആദ്യ ചുവടില്‍ തന്നെ ആധുനിക രീതിയിലുള്ള മികച്ച വിദ്യാഭ്യാസം നടപ്പിലാക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിയ്‌ക്ക് പിന്നില്‍. പരീക്ഷണാടിസ്ഥാനത്തിലാണ് മാങ്കുളം പഞ്ചായത്തിലെ ഈ സ്‌മാര്‍ട്ട് അങ്കണവാടി.
ഭാവിയില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളും ഈ രൂപത്തിലാക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണത്തിനായി ചെലവിട്ടത്.