ഇടുക്കി : ജില്ലയിലെ മണിയാറൻകുടിയിൽ മകന്‍റെ മർദനമേറ്റ് മാതാവ് കൊല്ലപ്പെട്ടു. കിടപ്പുരോഗിയായ മണിയാറൻകുടി സ്വദേശി പറമ്പപ്പുള്ളിൽ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സജീവിനെ ഇടുക്കി പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ജൂലൈ 30നാണ് തങ്കമ്മയ്‌ക്ക് മർദനമേറ്റത്. കിടപ്പു രോഗിയായ തങ്കമ്മ ഭക്ഷണം കൊടുത്തിട്ട് കഴിക്കാത്തതിനെ തുടർന്ന് മകൻ സജീവ് ഗ്ലാസ് കൊണ്ട് മുഖത്ത് ഇടിക്കുകയും തലയിൽ പിടിച്ച് കട്ടിലിൽ ഇടിക്കുകയും ചെയ്‌തതായാണ് വിവരം. പിന്നീട് തങ്കമ്മയെ മകൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ച് ചികിൽസ നൽകി.
ശേഷം കോട്ടയത്ത് നിന്നും തിരികെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിൽസ തുടരുന്നതിനിടെ കഴിഞ്ഞ ഏഴിനാണ് തങ്കമ്മ കൊല്ലപ്പെട്ടത്. മെഡിക്കൽ റിപ്പോർട്ട് പൊലീസിന് കൈമാറിയതോടെയാണ് സജീവിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് ഇടുക്കി പൊലീസ് സജീവനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അച്ഛന്‍റെ ആക്രമണത്തിൽ മകന് പരിക്ക് : അടിമാലിക്ക് സമീപം ആനച്ചാല്‍ മുതുവാൻകുടിയില്‍ അച്ഛൻ മകനെ തലയ്‌ക്ക് വെട്ടി പരിക്കേൽപ്പിച്ചു. ആനച്ചാല്‍ മുതുവാൻകുടി മഞ്ചുമലയില്‍ ശ്രീജിത്ത് (16) നാണ് വെട്ടേറ്റത്. കുട്ടിയുടെ അച്ഛൻ സിനോജിനെ വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണം തടയാനെത്തിയ ശ്രീജിത്തിന്‍റെ അമ്മയ്‌ക്കും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി സിനോജ് ബഹളം ഉണ്ടാക്കുന്നത് മകൻ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജിത്തിന്‍റെ അമ്മയും സഹോദരിയും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി മകൻ : ഒരാഴ്‌ച മുൻപാണ് പത്തനംതിട്ട തിരുവല്ലയിൽ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്. പരുമല സ്വദേശി കൃഷ്‌ണന്‍ കുട്ടി (80), ഭാര്യ ശാരദ (75) എന്നിവരെയാണ് മകൻ അനിൽ കുമാർ (50) വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ അനില്‍ കുമാറിനെ പുളിക്കീഴ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കുടംബ വഴക്കിനെ തുടർന്നാണ് പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്ന അനില്‍ കുമാർ തന്‍റെ ദാമ്പത്യ ജീവിതം തകർത്തത് മാതാപിതാക്കളെന്ന് ആരോപിച്ച് ഇവരുമായി വഴക്ക് പതിവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇതേ തുടർന്ന് കൃഷ്‌ണൻ കുട്ടിയും ശാരദയും വാടക വീട്ടിൽ ആയിരുന്നു താമസം. സംഭവത്തിന് മാസങ്ങൾ മുൻപ് ഒറ്റയ്‌ക്ക് താമസിച്ചിരുന്ന അനില്‍ കുമാര്‍ മാതാപിതാക്കളെ വീട്ടിലേയ്‌ക്ക് കൂട്ടികൊണ്ടു വന്നിരുന്നു. സംഭവം നടന്ന ദിവസം, അനിലും മാതാപിതാക്കളും വഴക്കിടുകയും വാക്കത്തിയെടുത്ത് പ്രതി ആദ്യം അച്ഛനേയും പിന്നീട് തടയാൻ ശ്രമിച്ച അമ്മയേയും വെട്ടുകയായിരുന്നു.
Read More : Pathanamthitta Murder | തിരുവല്ലയിൽ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി