ഇടുക്കി: ബൈക്ക് നിര്‍മാതാക്കളായ കെടിഎം കമ്പനിയുടെ അതിഥിയായി ഓസ്ട്രിയ സന്ദര്‍ശിച്ചതിന്‍റെ ആവേശത്തിലാണ് ഇടുക്കികാരനായ സോളമന്‍. കെടിഎം ആഗോളതലത്തില്‍ സംഘടിപ്പിച്ച അള്‍ട്ടിമേറ്റ് ഡ്യൂക്ക് റൈഡില്‍ വിജയിച്ചതോടെയാണ് സോളമനെ തേടി അപൂര്‍വ്വ ഭാഗ്യം എത്തിയത്.
അള്‍ട്ടിമേറ്റ് ഡ്യൂക്ക് റൈഡ്
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് കെടിഎം കമ്പനി അള്‍ട്ടിമേറ്റ് ഡ്യൂക്ക് റൈഡ് സംഘടിപ്പിച്ചത്. തങ്ങളുടെ യാത്രകള്‍ റൈഡര്‍മാര്‍ക്ക് നേരിട്ട് പോസ്റ്റ് ചെയ്യാവുന്ന രീതിയിലായിരുന്നു മത്സരം. ലോകത്താകമാനമുള്ള 1,500 പേരില്‍ നിന്നും 10 പേരെയാണ് കമ്പനി വിജയികളായി തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നും സോളമനൊപ്പം ഗോവന്‍ സ്വദേശി ബര്‍ണാഡും വിജയിയായി. ഇടുക്കിയിലെ മലനിരകളിലൂടെയുള്ള സോളമന്‍റെ ബൈക്ക് യാത്രകളാണ് വിജയത്തിലേക്ക് വഴി തെളിച്ചത്.
ഓസ്ട്രിയ-ഹംഗറി ബൈക്ക് യാത്ര
അള്‍ട്ടിമേറ്റ് ഡ്യൂക്ക് റൈഡര്‍മാര്‍ക്ക് ഓസ്ട്രിയയിലെ തങ്ങളുടെ പ്ലാന്‍റ് സന്ദര്‍ശിയ്ക്കുന്നതിനുള്ള അവസരമാണ് കമ്പനി ഒരുക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റൈഡര്‍മാര്‍ക്കൊപ്പം ഓസ്ട്രിയയില്‍ നിന്നും ഹംഗറിയിലേയ്ക്ക് 1,700 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒരു ബൈക്ക് യാത്രയും സംഘടിപ്പിച്ചിരുന്നു.
മുഴുവന്‍ യാത്രാ ചെലവുകളും വഹിച്ചതിനൊപ്പം രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന സമ്മാനങ്ങളും നല്‍കിയാണ് റൈഡര്‍മാരെ കമ്പനി മടക്കി അയച്ചത്. ഇടുക്കി കൊന്നത്തടി സ്വദേശിയായ കെ.ഡി സോളമന്‍ ആലുവയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. യാത്രകളോടുള്ള പ്രണയം മൂലം മകള്‍ക്ക് ജേര്‍ണി എന്നാണ് ഈ യുവാവ് പേരിട്ടിത്.
Also read: മാങ്ങാടെ ഇരുട്ടുമുറി ഇനി ഓര്‍മ; മറയുന്നത് കമ്മ്യൂണിസ്റ്റ് ചരിത്ര സ്‌മാരകം