ഇടുക്കി: ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്തത് 76 കേസുകൾ. വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കുന്നതായും റിപ്പോർട്ടുകൾ.
വേണം ജാഗ്രത
2020ൽ 135 പോക്‌സോ കേസുകളാണ് ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 60% കേസുകളും തോട്ടം മേഖലയിൽ നിന്നാണ്. ജില്ലയിൽ കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതായാണ് ശിശു ക്ഷേമ സമിതി റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ശിശു സംരക്ഷണ സമിതികളുടെ പ്രവർത്തനങ്ങൾ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ശിശു ക്ഷേമ സമിതി പ്രവർത്തകർ പറയുന്നു.
ഓൺലൈൻ പഠനത്തിന്‍റെ മറവിൽ വിദ്യാർഥികൾ മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ മാതാപിതാക്കൾ ജാഗ്രത കാണിക്കണമെന്നും ശിശു സംരക്ഷണ സമിതി നിർദേശിച്ചു.