ഇടുക്കി: ഇരട്ടയാർ വലിയതോവാളയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ വെട്ടേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഷുക്ക് ലാലിന്‍റെ ഭാര്യ വാസന്തി തലയിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയായ ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കിയെ (30) അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.
വലിയതോവാള പൊട്ടൻ കാലായിൽ ജോർജിന്‍റെ തോട്ടത്തിൽ പണി ചെയ്തിരുന്നവരാണ് നാല് പേരും. രാത്രി 11 മണിയോടെയായിരുന്നു കൊലപാതകം. തോട്ടംതൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടിലായിരുന്നു. സാമ്പത്തിക തർക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നെന്നാണ് സൂചന.
സഞ്ജയ് ബാസ്കിയെ രാത്രി 2 മണിയോടെ സമീപത്തെ ഏലതോട്ടത്തിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇയാളെ പിടികൂടുന്നതിനിടയില്‍ കട്ടപ്പന ഡിവൈഎസ്‌പിക്കും മറ്റ് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.