ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ മുള്ളംതണ്ട് പാടശേഖരത്തിൽ കൃഷി ഇറക്കി നൂറുമേനി കൊയ്ത് കുടുംബശ്രീ പ്രവർത്തകരും ജെഎൽജി ഗ്രൂപ്പുകളും. നെൽകൃഷിയുടെ പ്രാധാന്യവും നെൽപ്പാടങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും സമൂഹത്തിന് പകർന്ന് നല്‍കുന്നതിന്‍റെ ഭാഗമായാണ് കൃഷിയിറക്കിയത്. തരിശായി കിടന്ന 20 ഏക്കർ പാടശേഖരത്തിൽ നടത്തിയ കൃഷിയിൽ നൂറുമേനി വിളവാണ് ലഭിച്ചത്. വിളവെടുപ്പ് ഉത്സവം വിപുലമായി സംഘടിപ്പിച്ചു. രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടിസി ബിനുവാണ് ആദ്യ വിളവെടുപ്പ് നടത്തിയത് .
കാട്ടുപന്നി ശല്യത്തെ അടക്കം പ്രതിരോധിച്ച് സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവന്‍റെ സഹകരണത്തോടെയായിരുന്നു കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളും കുടുബശ്രീ പ്രവർത്തകരും വിളവെടുപ്പ് ഉത്സവത്തിൽ പങ്കെടുത്തു. ഇത്തവണ മികച്ച വിളവ് ലഭിച്ചതിനാൽ വരും വർഷത്തിൽ കൂടുതൽ പാടം പാട്ടത്തിനെടുത്ത് കൃഷി വിപുലമാക്കാനാണ് ഇവരുടെ തീരുമാനം.