ഇടുക്കി: സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനമാണ് ഇടുക്കി ജില്ലയെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇടുക്കി ജില്ലാ പൈതൃക മ്യൂസിയം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറയൂരിലും കാന്തല്ലൂരിലുമായി പതിനഞ്ചോളം ഗുഹാ സങ്കേതങ്ങള്‍ സംസ്ഥാന പുരാവസ്തുവകുപ്പ് ജില്ലയില്‍ നിന്ന് കണ്ടെത്തി ഡോക്യുമെന്‍റ് ചെയ്‌തിട്ടുണ്ട്. സംസ്‌ക്കാരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചിത്രങ്ങള്‍ സംരക്ഷിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള അത്തരം സ്‌മാരകങ്ങള്‍ ഏറ്റവും അധികം ഇടുക്കിയിലാണ് ഉള്ളതെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
ജില്ലയുടെ പൗഢമായ പൈതൃകം ഭാവി തലമുറയ്ക്കായി കാത്ത് സൂക്ഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 10 ഗാലറികളിലായി ആദിമകാലം മുതല്‍ ആധുനികകാലം വരെയുള്ള ഇടുക്കിയുടെ കഥ പറയുന്ന ചരിത്രത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും ഈടുവെപ്പുകള്‍ ഇവിടെ സമഗ്രമായി ആവിഷ്‌കരിച്ചിട്ടുണ്ട്.