ഇടുക്കി: കയ്യേറ്റം ഒഴുപ്പിച്ച് ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമികള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല ഭരണകൂടം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം തേടുമെന്നും വെള്ളിയാഴ്ച റവന്യൂ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് വിഷയം ധരിപ്പിക്കുമെന്നും ജില്ല കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിൽ 400 ഏക്കറോളം ഭൂമിയാണ് ഇടുക്കി ജില്ലയില്‍ കയ്യേറ്റം ഒഴുപ്പിച്ച് റവന്യൂ വകുപ്പ് തിരിച്ച് പിടിച്ചത്. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കി. വിദൂര മേഖലകളിലടക്കം ഏറ്റെടുത്ത ഭൂമികളില്‍ വീണ്ടും കയ്യേറ്റക്കാര്‍ കടന്നുകയറാന്‍ സാധ്യതയുള്ളതിനാല്‍ മുള്ളുവേലികളുള്‍പ്പെടെ തീര്‍ത്ത് സംരക്ഷിക്കാനാണ് ജില്ല ഭരണകൂടം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തേടുമെന്നും വെള്ളിയാഴ്ച റവന്യൂ വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.
ALSO READ: കെ.എസ്.ഇ.ബി ഭൂമിയിലെ കൈയേറ്റം; റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഒഴുപ്പിച്ചെടുത്ത ഭൂമിയും കെട്ടിടങ്ങളും സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വനംവകുപ്പിന് സംരക്ഷണ ചുമതല നല്‍കി കൈമാറിയിരുന്നു. ഇത്തരത്തില്‍ പ്രത്യേക പദ്ധതികള്‍ക്കും റവന്യൂ ഭൂമിയുടെ സംരക്ഷണ ചുമതല വിവിധ വകുപ്പുകള്‍ക്ക് കൈമാറുന്നത് സംബന്ധിച്ചും മന്ത്രിയുമായി കൂടിയാലോചനകള്‍ നടത്തും. കരിമലയടക്കമുള്ള മലമുകള്‍ പ്രദേശങ്ങള്‍ മുള്ളുവേലി കെട്ടി സംരക്ഷിക്കുന്നതിനുമാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം.