ഇടുക്കി: പ്രളയ പുനര്‍ നിര്‍മാണത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവംമൂലം ഇടുക്കിയില്‍ ദുരിതമനുഭവിക്കുന്നത് നിരവധി കുടുംബങ്ങള്‍. വീടും സ്ഥലവും നഷ്ടപ്പെട്ട നിരവധിപേരാണ് സ്ഥലം ലഭിക്കാത്തതിനാൽ വാടക വീടുകളില്‍ കഴിയുന്നത്.
രാജാക്കാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ നെല്ലന്‍കുഴിയില്‍ ഷീല സോമനും കുടുംബവും അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് ഷെഡിലാണ്. എണ്‍പത് കഴിഞ്ഞ ഇവരുടെ പിതാവ് ഗോപാലനും ഈ ഷെഡില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ കട്ടിലില്‍ ജീവിതം തള്ളിനീക്കുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ വീട് നശിക്കുകയും വാസയോഗ്യമല്ലാതാകുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും വില്ലേജില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ഇവിടെ വീട് വയ്ക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. അപേക്ഷ നല്കിയതിന്റെ അടിസ്ഥാനത്തില്‍ വീടും സ്ഥലവും ലഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇവരുടെ പേരില്‍ നാല്‍പത് സെന്‍റ് പാടമുള്ളതിനാല്‍ സ്ഥലം അനുവദിക്കില്ലെന്നും പാടം നികത്തി വീട് വച്ചോളാനുമാണ് അധികൃതരുടെ മറുപടി. എന്നാല്‍ ചെറിയ മഴ പെയ്താല്‍പോലും വെള്ളം പൊങ്ങുന്ന പാടത്ത് മണ്ണിട്ട് നികത്തി എങ്ങനെ വീട് വയ്ക്കുമെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. കലക്ടര്‍ അടക്കമുള്ളവര്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമ്പോഴും താലൂക്കിലെ ഉദ്യോഗസ്ഥന്‍ തങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കാതിരിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
ഇതേ അവസ്ഥയാണ് മണിയം കുന്നേല്‍ സതീഷിന്‍റെയും. വീടിനോടു ചേർന്നുണ്ടായ രണ്ട് ഉരുള്‍പൊട്ടലില്‍ ആകെയുണ്ടായിരുന്ന ഇരുപത് സെന്റ് സ്ഥലവും വീടും പൂര്‍ണമായി ഒലിച്ചുപോയി. ഇതിന് ശേഷം സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനായി സര്‍ക്കാര്‍ പത്തു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ വീട് മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയിട്ടുണ്ടെന്നും സതീഷ് പറയുന്നു.
നിരവധി ആളുകളാണ് ഇങ്ങനെ ദുരിതമനുഭവിച്ച് ഹൈറേഞ്ചിന്‍റെ വിവിധ മേഖലകളില്‍ കഴിയുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് തങ്ങള്‍ക്ക് വീടും സ്ഥലവും അനുവദിക്കണമെന്നതാണ് ഇവരുടെ ആവശ്യം.