ഇടുക്കി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉത്പന്നങ്ങള്‍ സംഭരിയ്ക്കാനാകാതെ പ്രതിസന്ധിയിലായി ഇടുക്കിയിലെ ചെറുകിട കര്‍ഷകര്‍. ജില്ലയില്‍ പച്ചക്കറി ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ രാജാക്കാട്, രാജകുമാരി, ബഥേല്‍, വലിയതോവാള മേഖലകളില്‍ നിരവധി കര്‍ഷക കൂട്ടായ്‌മകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇവരുടെ ഉത്പന്നങ്ങള്‍ നെടുങ്കണ്ടത്തെ ഫെഡറേറ്റഡ് മാര്‍ക്കറ്റ് വഴിയാണ് വിപണിയില്‍ എത്തിയ്ക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലേയ്ക്ക് എത്തിയ്ക്കുവാന്‍ സാധിയ്ക്കുന്നില്ല.
കഴിഞ്ഞ വര്‍ഷം ചരക്ക് നീക്കത്തിന് സബ്‌സിഡി നല്‍കിയാണ് ഫെഡറേറ്റഡ് മാര്‍ക്കറ്റിന്‍റെ നടത്തിപ്പുകാര്‍ മുഖേന കൃഷിയിടങ്ങളില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സബ്‌സിഡി അനുവദിയ്ക്കാത്തതിനാല്‍ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെത്തി ഉത്പന്നങ്ങള്‍ ശേഖരിയ്ക്കാനാവുന്നില്ല. കണ്ടെയ്മെന്‍റ് സോണിന്‍റെ നിബന്ധനകളും പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്.
Also read: റമദാൻ വിപണിയില്‍ ഇറക്കി, ലോക്ക്ഡൗണ്‍ വിനയായി ; നശിച്ചത് ടണ്‍ കണക്കിന് തണ്ണിമത്തൻ
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് കര്‍ഷകരില്‍ നിന്നും പച്ചക്കറി ശേഖരിയ്ക്കുന്നതിന് കൃഷി വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഏത്തവാഴ, ഞാലിപൂവന്‍, ബീന്‍സ്, പാവല്‍, ചേന, ചേമ്പ് തുടങ്ങിയ വിവിധ ഇനം ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് മറ്റ് ജില്ലകളില്‍ എത്തിച്ചിരുന്നു. സബ്‌സിഡി നല്‍കിയും മറ്റ് ജില്ലകളിലേയ്ക്ക് ഉത്പന്നങ്ങള്‍ കയറ്റി അയച്ചും കര്‍ഷകരെ സഹായിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉത്പന്നങ്ങള്‍ നശിയ്ക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.