ഇടുക്കി: വിലയിടിവില്‍ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ ഏത്തവാഴ കർഷകർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഏത്തക്കായുടെ ഉപയോഗത്തില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഓണ വിപണിക്ക് തുടക്കം കുറിക്കുന്ന കാലത്തും വില താഴ്ന്ന് നില്‍ക്കുന്നത് കർഷകർക്ക് നിരാശയാണ് സമ്മാനിക്കുന്നത്. ഇരുപത് രൂപയ്ക്ക് അടുത്താണ് വിപണിയില്‍ ഏത്തക്കായുടെ നിലവിലെ വില. മുൻ വർഷങ്ങളില്‍ ഈ സമയത്ത് ഏത്തക്കായ്ക്ക് 40 രൂപയായിരുന്നു വില. കൊവിഡ് ഭീതിയെ തുടർന്ന് ചിപ്പ്സ് നിർമാണ രംഗവും സജീവമല്ലാതായതും കർഷകർക്ക് തിരിച്ചടിയാകുന്നു. ഭൂരിഭാഗം ഹോട്ടലുകളും ക്യാന്‍റീനുകളും ചായക്കടകളുമെല്ലാം അടഞ്ഞ് കിടക്കുന്നതിനാല്‍ ഏത്തക്കായുടെ ഉപയോഗത്തില്‍ കുറവ് വന്നെന്ന് കര്‍ഷകര്‍ പറയുന്നു. ഓണ വിപണി മുന്നില്‍ കണ്ട് കൃഷിയിറക്കിയിരുന്ന ഏത്ത വാഴകളെല്ലാം കുലച്ച് വിളവെടുപ്പിന് പാകമായി കഴിഞ്ഞു. വില സ്ഥിരതയില്ലായ്മയാല്‍ പലരും ഏത്തവാഴ കൃഷിയില്‍ നിന്നും പിന്‍വാങ്ങി കഴിഞ്ഞു. കൃഷി വകുപ്പിന്‍റെ ഭാഗത്ത് നിന്നും അര്‍ഹമായ പരിഗണനയില്ലെന്ന പരാതിയും ഏത്തവാഴ കര്‍ഷകര്‍ക്കുണ്ട്.
ഏത്തവാഴയൊന്നിന് വിളവെടുക്കും വരെ 225 രൂപയോളം ശരാശരി പരിപാലന ചിലവായി വരുന്നു. ഇപ്പോഴത്തെ വിലയില്‍ മോശമല്ലാത്തൊരു ഏത്തകുലവിറ്റാല്‍ 250ന് താഴെമാത്രമെ വില ലഭിക്കു. കായുടെ വില്‍പ്പന കുറവിനൊപ്പം വിപണിയിലേക്ക് ഇനിയും കൂടുതലായി ഏത്തക്കുലകള്‍ എത്തിയാല്‍ വീണ്ടും വിലയിടിവിന് ഇടവരുത്തുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.