ഇടുക്കി: വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുമ്പോൾ നാണ്യ വിളകളുടെ വിലയിടിവും വന്യ ജീവി ആക്രമണങ്ങളും, സംരക്ഷിത മേഖല ഉത്തരവുമെല്ലാമാണ് ഇത്തവണ ഇടുക്കിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയചര്‍ച്ചാ വിഷയം. ഉത്പന്നങ്ങള്‍ക്ക് തറ വില പ്രഖ്യാപിക്കണമെന്നും കാര്‍ഷിക മേഖലയിലേക്ക് വന്യ ജീവികള്‍ കടക്കുന്നത് തടയുന്നതിന് ഇടപെടലുകള്‍ ഉണ്ടാവണമെന്നതും, ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്നും കര്‍ഷകര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.
ഹൈറേഞ്ചിന്‍റെ സ്വന്തം കറുത്ത പൊന്ന് മിക്ക കൃഷിയിടങ്ങളില്‍ നിന്നും പടിയിറങ്ങി കഴിഞ്ഞു. കുരുമുളകിന്‍റെ വിലയിടിവ് വര്‍ഷങ്ങളായി തുടരുകയാണ്. കാപ്പിയും കൊക്കോയും ഇഞ്ചിയുമെല്ലാം നഷ്ടത്തിലാണ്. പച്ചക്കറിയും വാഴ കൃഷിയും ഉള്‍പ്പടെയുള്ള ഇടവിളകളില്‍ നിന്നും ലാഭം കണ്ടെത്താന്‍ സാധിയ്ക്കുന്നില്ല. ഇടുക്കിയിലെ കര്‍ഷകന് ഏക ആശ്വാസമായിരുന്ന ഏലവും വിലയിടിവിന്‍റെ പാതയിലാണ്. കഴിഞ്ഞ വര്‍ഷം നാലായിരം രൂപ വരെ ശരാശരി വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ വില 1500 ലും താഴ്ന്നു. ലേല ഏജന്‍സികളും സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് വിലയിടിവിന് കാരണമെന്നാണ് കര്‍ഷകനായ ജോണ്‍സണ്‍ കൊച്ചുപറമ്പിൽ പറയുന്നത്.
ആന, കാട്ടു പന്നി തുടങ്ങിയ മൃഗങ്ങള്‍ കൃഷി ഭൂമിയില്‍ നാശം വിതയ്ക്കുന്നത് പതിവാണ്. കാട്ടാന ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപെട്ടിട്ടും ശാശ്വതമായ പരിഹാരം വനം വകുപ്പ് കണ്ടെത്തിയിട്ടില്ല. വന മേഖലയില്‍ നിന്നും ആന ജനവാസ മേഖലയിലേയ്ക്ക് കടക്കുന്നത് തടയാന്‍ ഫെന്‍സിംഗ് പോലുള്ള നടപടികള്‍ സ്വീകരിയ്ക്കണമെന്നാണ് ആവശ്യം. ആയിരകണക്കിന് കുരങ്ങുകള്‍ കൂട്ടമായി എത്തി കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്നതും പതിവാണ് എസ്റ്റേറ്റ് മേഖലകളിൽ വളർത്തു മൃഗങ്ങളെ പുലി ആക്രമിക്കുന്നതും ജില്ലയിൽ നിത്യസംഭവമാണെന്ന് നാട്ടുകാരനായ എം.എസ് ഷാജി അഭിപ്രായപ്പെട്ടു.
മതികെട്ടാൻ ചോല ദേശീയോദ്യാനത്തിന്‍റെ ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ ആയി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചതും പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നാണെന്ന് ബാബു താമരപിള്ളി പറഞ്ഞു.
വിലയിടിവിലും വന്യ ജീവി ആക്രമണ വിഷയത്തിലും നിർമ്മാണ നിരോധന ഉത്തരവും ബഫർ സോൺ വിഷയത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് ഇടുക്കിയില്‍ ഇത്തവണ പ്രധാന ചര്‍ച്ചാ വിഷയമാകും. വാഗ്ദാനങ്ങള്‍ക്കപ്പുറം കൃത്യമായ ഇടപെടലുകളാണ് ജനങ്ങള്‍ക്ക് ആവശ്യം.