ഇടുക്കി: ഗ്രാമീണമേഖലയിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടികൾക്ക് ഇടുക്കി ജില്ലയിൽ തുടക്കമായി. കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന ജലജീവൻ കുടിവെള്ളപദ്ധതി വഴി ഗ്രാമീണമേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിനാണ് ശാശ്വതപരിഹാരമാകുകയാണ്.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഉടന്‍ പ്രയോജനം ലഭിക്കുന്നതിനായി അവര്‍ക്ക് മുന്‍തൂക്കമുള്ള വില്ലേജുകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് വാട്ടർ കണക്ഷൻ നൽകുന്നത്. ജില്ലയിലെ 43837 ഗ്രാമീണ ഭവനങ്ങളില്‍ പദ്ധതി വഴി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും. എല്ലാ ഗ്രാമീണ ഭവനങ്ങള്‍ക്കും 2024ഓടെ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷൃത്തോടെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാർ ധനസഹായത്തോടെ പദ്ധതി ആവിഷ്ക്കരിക്കുന്നത്.
പദ്ധതി നടത്തിപ്പിന്‍റെ അമ്പത് ശതമാനം കേന്ദ്രഫണ്ടും ഇരുപത്തിയഞ്ച് ശതമാനം സംസ്ഥാന ഫണ്ടും പതിനഞ്ച് ശതമാനം ഗ്രാമപഞ്ചായത്ത് ഫണ്ടും പത്ത് ശതമാനം ഉപഭോക്തൃ വിഹിതവുമാണ്. നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വര്‍ദ്ധിപ്പിച്ചും ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും ചിലതിന്‍റെ സ്രോതസ് ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നൽകുന്നത്.
അതേസമയം, പദ്ധതിയുടെ ഭാഗമായി പീരുമേട് താലൂക്കിലെ ഉപ്പുതറ രാജീവ്ഗാന്ധി എസ് സി കോളനിയിൽ പദ്ധതി വഴി കുടിവെള്ളമെത്തി. പെരിയാറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് മേഖലയിലെ ഗ്രാമങ്ങളിലെത്തിക്കുന്നത്.