ഇടുക്കി: ബൈസണ്‍വാലി പഞ്ചായത്തിലെ സൊസൈറ്റിമേട്- പെരിയകനാല്‍ റോഡ് നിർമാണത്തിന് അനുവദിച്ച ഫണ്ട് വകമാറ്റിയതില്‍ വിശദീകരണവുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് മുൻ ഭരണസമിതി റോഡ് നവീകരണത്തിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചത്. പുതിയ ഭരണ സമതി ഫണ്ട് മറ്റൊരു റോഡിന്‍റെ നിർമാണത്തിനായി വകമാറ്റിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രതിഷേധമുയര്‍ന്നതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി പഞ്ചായത്ത് എത്തിയത്.
റോഡ് നിർമിക്കാൻ മുൻ ഭരണ സമിതി കൂടുതൽ തുകയാണ് അനുവദിച്ചതെന്നും അഴിമതി നടക്കാൻ സാധ്യതയുള്ളതിലാണ് ഫണ്ട് വകമാറ്റിയതെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി പറഞ്ഞു. ഇതേ ഫണ്ടുപയോഗിച്ച് ആദിവാസി മേഖലയിലേയ്ക്ക് ഗതാഗത യോഗ്യമായ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ഉഷാകുമാരി അറിയിച്ചു. മുന്നൂറ് മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാനാണ് 20 ലക്ഷം രൂപ അനുവദിച്ചത്. കൂടുതൽ തുക അനുവദിച്ചത് ചിലരുടെ താൽപര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന ആരോപണവുമായി മുൻ ഭരണസമതിക്കെതിരെ ഇടതുപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.