ഇടുക്കി: ഡിസിസി അംഗം കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ഇടുക്കി ശാന്തമ്പാറയിലെ പി.എസ്. വില്യംസാണ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് അകന്നെന്നും നേതാക്കന്മാരുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും, അതിനാലാണ് പാര്‍ട്ടി വിട്ടതെന്നും വില്യംസ് പറഞ്ഞു.
ശാന്തമ്പാറ പഞ്ചായത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കാലങ്ങളായി സി.പി.എമ്മിന്‍റെ കയ്യിലിരിക്കുന്ന പഞ്ചായത്തില്‍ വോട്ട് ഉയര്‍ത്താനോ സീറ്റ് വര്‍ധിപ്പിക്കാനോ കോണ്‍ഗ്രസിന് കഴിയുന്നില്ല. ദേശീയ തലം മുതല്‍ പ്രാദേശിക തലം വരെ കോണ്‍ഗ്രസ് ഇല്ലാതാകുന്ന സാഹചര്യമാണ്.
ജനങ്ങളില്‍ നിന്നും അകന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും, അതിനാലാണ് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്നതെന്നും വില്യംസ് പറഞ്ഞു. അതിര്‍ത്തി പഞ്ചായത്തായ ശാന്തമ്പാറയിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള നേതാവ് കൂടിയാണ് ഡി.സി.സി അംഗമായ പി.എസ്. വില്യംസ്. യൂത്ത് കോണ്‍ഗ്രസിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തിയ തനിക്കൊപ്പം കൂടുതല്‍ പ്രവര്‍ത്തകരും സി.പി.എമ്മിലേക്ക് എത്തുമെന്ന് വില്യംസ് കൂട്ടിച്ചേര്‍ത്തു.
ബഫര്‍ സോണും സ്വര്‍ണ്ണ കള്ളകടത്ത് കേസുമടക്കം ഉയര്‍ത്തി പിടിച്ച് ജില്ലയില്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന കോണ്‍ഗ്രസിന് ഡി.സി.സി അംഗം സി.പി. എമ്മിലേക്ക് പോയത് കനത്ത പ്രതിസന്ധിയാണ്.