ഇടുക്കി: ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് ഉണ്ടാകുന്നുണ്ടെന്നും മറ്റ് ജില്ലകളെ അപേക്ഷിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവാണെന്നും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇടുക്കി 13-ാം സ്ഥാനത്താണ്. ഇത് ശുഭസൂചന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്: കൊവിഡിനെ പടിക്ക് പുറത്ത് നിര്‍ത്തി ഇടമലക്കുടി; മികവാര്‍ന്ന മാതൃക
വരും ദിവസങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ജില്ലയില്‍ അത്യാവശ്യമാണ്. ലോക്ക്ഡൗണിനോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. കൊവിഡ് ചികിത്സാ രംഗത്ത് നോണ്‍ കൊവിഡ് കിടക്കകള്‍ ഐ.സി കൊവിഡ് കിടക്കകളാക്കി മാറ്റിയിട്ടുണ്ട്. വെന്‍റിലേറ്റര്‍, ഓക്സിജന്‍ സംബന്ധിച്ച് നിലവില്‍ പ്രശ്നങ്ങളില്ല. എല്ലാ ദിവസവും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം ചേര്‍ന്ന് അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനു മാത്രമായി ഓക്സിജന്‍ വാര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ 1038 ഓക്സിജന്‍ സിലിണ്ടറുകള്‍ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ തൊടുപുഴയിലും ഓക്സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.