ഇടുക്കി: ഉത്പാദനം ഇടിഞ്ഞതോടെ ഹൈറേഞ്ചിലെ കൊക്കോ കർഷകർ പ്രതിസന്ധിയില്‍. മഴക്കാലത്ത് ജില്ലയിലെ കര്‍ഷകര്‍ക്ക് മോശമല്ലാത്ത വരുമാനം നല്‍കിയിരുന്ന കാര്‍ഷിക വിളയായിരുന്നു കൊക്കോ. പഞ്ഞ കര്‍ക്കടകത്തില്‍ കൊക്കോയില്‍ നിന്നും ലഭിച്ചിരുന്ന വരുമാനമാണ് പല കര്‍ഷക കുടുംബങ്ങളും ആശ്രയിച്ചിരുന്നത്. ഈ വർഷം കൊക്കോയുടെ ഉത്പാദനത്തില്‍ കാര്യമായ കുറവ് വന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. ഉത്പാദനക്കുറവിനൊപ്പം കൊക്കോയുടെ വില ഉയരാത്തതും കര്‍ഷകര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നു.
40 രൂപയാണ് കൊക്കോയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന വിപണി വില. മുൻപ് 60 രൂപ വരെ ലഭിച്ചിരുന്നു. മഴക്കാലത്ത് കായ്കള്‍ ചീഞ്ഞു പോകുന്നതാണ് ഉത്പാദനത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നം. കൃത്യമായ ഇടവേളകളില്‍ പ്രതിരോധ മരുന്ന് നല്‍കിയിട്ട് പോലും ഉത്പാദനം ഉയര്‍ത്താന്‍ സാധിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. പുതിയതായി ഉണ്ടാകുന്ന കായ്‌കളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. കേടു വന്ന കൊക്കോ കായ്‌കള്‍ സംഭരിക്കുന്ന കാര്യത്തിലും കര്‍ഷകര്‍ വെല്ലുവിളി നേരിടുന്നുണ്ട്.