ഇടുക്കി: ഏലത്തോട്ടങ്ങളിൽ പരിചയസമ്പന്നരായ തൊഴിലാളികളെ കിട്ടാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. തമിഴ്‌നാട്ടിൽ നിന്നുമുള്ള തൊഴിലാളികൾ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കൊവിഡിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിലുള്ളവർക്ക് യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ മലയോര മേഖലകളിലെ ഏലത്തോട്ടങ്ങളിൽ തൊഴിലാളികളെ കിട്ടാതായി.
പ്രധാനമായും കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരുന്നു തൊഴിലാളികൾ എത്തിയിരുന്നത്. ഏലത്തിന്‍റെ വിളവെടുപ്പുകാലം കൂടി ആയതിനാൽ തൊഴിലാളികളെ കിട്ടാത്തത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണ്. പത്ത് പേർ ജോലി ചെയ്‌തിരുന്ന തോട്ടങ്ങളിൽ ഇപ്പോൾ മൂന്നോ നാലോ തൊഴിലാളികളാണ് ഉള്ളത്. പരിചയമില്ലാത്തവരാണ് തോട്ടങ്ങളിൽ ഇപ്പോൾ പണിയെടുക്കുന്നത്. 700 രൂപ വരെ കൂലി കൊടുത്താണ് വിളവെടുപ്പ് നടത്തുന്നത്. ഉണക്ക ഏലക്കയുടെ വില കുറയുന്നതും തൊഴിലാളികൾക്ക് വേതനം കൂട്ടി നൽകേണ്ടതും ചെറുകിട കർഷകരെ വലക്കുകയാണ്.