ഇടുക്കി: ബഫര്‍സോണ്‍ നടപ്പിലാക്കിയാല്‍ കൂട്ടിലടച്ച തങ്ങള്‍ കൂട്ടിലടച്ച അവസ്ഥയിലാകുമെന്ന് ഇടുക്കി നിവാസികള്‍. വ്യക്തമായ പഠനം നടത്താതെയാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളും ബഫര്‍ സോണ്‍ ഒരു കിലോമീറ്റര്‍ വേണമെന്ന് വാദിച്ചത്. ഈ നിലപാടിന്‍റെ ഫലം കൂടിയാണ് സുപ്രീംകോടതി ഉത്തരവെന്നും പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ ജില്ലയില്‍ 50 ശതമാനത്തിലധികം സംരക്ഷിത വനമേഖലയാണ്. വന്‍കിട കമ്പനികളുടെ കൈവശമുള്ള ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയും, ജില്ലയിലെ അണക്കെട്ടുകളും മാറ്റിനിര്‍ത്തിയാല്‍ 12 ലക്ഷത്തോളം വരുന്ന ജനതയ്‌ക്ക് ജീവിക്കാന്‍ മിച്ചമുള്ളത് നാമമാത്രമായ ഭൂമിയാണെന്നാണ് ഉയരുന്ന ആക്ഷേപം. ഇവിടെ പുതിയ ഉത്തരവ് പ്രകാരം ബഫര്‍സോണ്‍ നടപ്പിലാക്കിയാല്‍ കൂട്ടിലകപ്പെട്ട അവസ്ഥയിലാകും എന്നാണ് ഇടുക്കി ജനതയുടെ ആശങ്ക.
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലായായ ഇടുക്കിയുടെ വിസ്‌തൃതി 4358 ചതുരശ്ര കിലോമീറ്ററാണ്. മലയോര ജില്ലയായ ഇടുക്കിയുടെ അമ്പത് ശതമാനത്തിലധികവും വനഭൂമിയാണെന്നതും ഏറെ പ്രധാനപ്പെട്ടതാണ്. സംസ്ഥാനത്ത് ആകെ പതിനെട്ട് വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയ ഉദ്യാനങ്ങളുമാണുള്ളത്.
ഇതില്‍ നാല് ദേശീയ ഉദ്യാനങ്ങളും, നാല് വന്യജീവി സങ്കേതങ്ങളും ഇടുക്കിയിലാണ്. ഇരവികുളം ദേശീയ ഉദ്യാനം 89 ചതുരശ്ര കിലോമീറ്റര്‍, പാമ്പാടുംപാറ, 1.3 ചതുരശ്ര കിലോമീറ്റര്‍. 12. 8 ആണ് മതികെട്ടാന്‍ ചോലയുടെ വിസ്‌തൃതി. 7.5 ചതുരശ്ര കിലോമീറ്ററാണ് ആനമുടി ചോല.
ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ചുറ്റളവ് 70 ചതുരശ്ര കിലോമീറ്ററാണ്. ചിന്നാര്‍ 90.44., 777 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പെരിയാര്‍ കടുവാ സങ്കേതം. മറ്റ് സംരക്ഷിത വനമേഖലകള്‍ കൂടി ചേരുന്നതോടെ ഇടുക്കിയുടെ 55 ശതമാനവും വനം മാത്രം.
ഇത് കൂടാതെ വന്‍കിട കമ്പനികളുടെ കയ്യിലുള്ള ഏലം തേയില തോട്ടങ്ങള്‍ ആയിരക്കണക്കിന് ഏക്കറാണ്. ടാറ്റയുടെ കയ്യില്‍ മാത്രം എഴുപതിനായിരം ഏക്കറാണ് ജില്ലയിലുള്ളത്. പതിനാല് ഡാമുകളും അവയുടെ വൃഷ്‌ടി പ്രദേശങ്ങളും ഉള്‍പ്പടെ മാറ്റി നിര്‍ത്തിയാല്‍ ജില്ലയിലെ 12 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് ജീവിക്കാന്‍ മിച്ചമുള്ളത് തുച്ഛമായ ഭൂമി മാത്രമാണ്.