ഇടുക്കി: രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ന് ഇടുക്കിക്ക് അന്‍പതാം പിറന്നാൾ. മലയിടുക്ക് എന്നര്‍ഥമുള്ള 'ഇടുക്ക്' എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ജില്ലയ്ക്ക് വന്നത്. കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും ദേവികുളം താലൂക്കും ചേര്‍ത്താണ് ഇടുക്കി ജില്ല രൂപീകരിച്ചത്.
4,358 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്. ഇന്ത്യയിലെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി ഇടുക്കിയിലാണ്. 2011 ലെ സെന്‍സസ് പ്രകാരം ഇടുക്കിയിലെ ജനസംഖ്യ 11,08,974 ആണ്. വന വിസ്തൃതി കൂടിയ ഇവിടെ ജനസാന്ദ്രത 254 ആണ്. ജനസംഖ്യ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആണ് ( -1.93).
ആധുനിക ഇടുക്കിയുടെ ചരിത്രം കുടിയേറ്റ ജനതയുടെ ചരിത്രമാണ്. 1930തിലെ ആഗോള ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ ഇടുക്കയിലെ വനഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവാദം നല്‍കി കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
നെല്ലും ചോളവും തിനയും റാഗിയുമുള്‍പ്പെടെയുള്ള ഭക്ഷ്യ വിളകൃഷിയ്ക്കാണ് അന്ന് പ്രാധാന്യം നല്കിയിരുന്നത്. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ഊര്‍ജ്ജിത ഭക്ഷ്യോത്പാദന പദ്ധതി പ്രകാരവും 1954ല്‍ ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി പ്രകാരവും ആളുകള്‍ ജില്ലയിലേക്ക് കുടിയേറപ്പെട്ടു. പ്രതികൂല കാലവസ്ഥയേയും വന്യജിവികളേയും പ്രതിരോധിച്ചാണ് കര്‍ഷകര്‍ വിജയഗാഥ തീര്‍ത്തത്. ഈ ജനതയുടെ അവകാശപോരാട്ടങ്ങളുടെ ഓര്‍മകളാണ് പട്ടിണി മാര്‍ച്ചും കുടിയിറക്കുമായി ബന്ധപ്പെട്ട എകെജിയുടെ അമരാവതി സമരവും. കാര്‍ഷിക മേഖലയും വിനോദ സഞ്ചാര മേഖലയും ഇടുക്കി ജില്ലയില്‍ ശക്തമാണ്.
വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല, ഭൗമ സൂചിക പദവി ലഭിച്ച മറയൂര്‍ ശര്‍ക്കര എന്നിവ കാര്‍ഷിക മേഖലയിലെ പ്രത്യേകതകളാണ്. ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതുമായ ഇടുക്കി ആര്‍ച്ച് ഡാം, തെക്കിന്‍റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇടുക്കിയെ ആകര്‍ഷണീയമാക്കുന്നു.
2018ലും 2019 ലും ഉണ്ടായ പ്രളയങ്ങളും ഇപ്പോഴും തുടരുന്ന കൊവിഡും ജില്ലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതൊന്നും ജില്ലയുടെ വികസന കുതിപ്പിനെ പിറോകോട്ടടിക്കില്ലെന്ന് ഉറപ്പിക്കാന്‍ കാരിരുമ്പിന്‍റെ കരുത്തുള്ള കര്‍ഷക മനസുണ്ട് ഇടുക്കിക്ക്.
ALSO READ:കേരളത്തെ പുകഴ്‌ത്തി ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം; മുഖ്യമന്ത്രിക്കും അഭിനന്ദനം