ഇടുക്കി: ജില്ലയിലെ പ്രധാന താലൂക്ക് ആശുപത്രികളിൽ ഒന്നായ അടിമാലി താലൂക്ക് ആശുപത്രിയിലെ ഐ.സി.യു ആംബുലൻസ് കട്ടപ്പുറത്തായിട്ട് ആറ് മാസം. ആംബുലൻസ് ഓടാത്തതിനാൽ ഉയർന്ന് തുക മുടക്കി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. ഇവ പ്രവർത്തന സജ്ജമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ല.
ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ തോട്ടം തൊഴിലാളികളുടെയും ഗോത്രവർഗ സമൂഹത്തിന്‍റെയും ഏക ആശ്രയമാണ് അടിമാലി താലൂക്ക് ആശുപത്രിയും ഐ.സി.യു ആംബുലൻസ് സേവനവും. താലൂക്ക് ആശുപത്രിയിൽ നിന്നും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈറേഞ്ച് നിവാസികൾ വിദഗ്‌ധ ചികിത്സക്കായി എറണാകുളം ജില്ലയെ ആശ്രയിക്കുന്നത്.
ഐ.സി.യു സേവനം വേണ്ട സാഹചര്യങ്ങളിൽ കർഷകരും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയുടെ ആംബുലൻസിനെയാണ്. എന്നാൽ കഴിഞ്ഞ ആറുമാസക്കാലമായി ആംബുലൻസ് ചലനമറ്റ അവസ്ഥയിലാണ്. അതിനാൽ തന്നെ പതിനായിരം രൂപയിലധികം മുടക്കി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇവിടെ.
ആംബുലൻസ് പണിമുടക്കിയത് ഏറ്റവുമധികം ബാധിക്കുന്നത് നിർധനരായ തോട്ടം തൊഴിലാളികളെയും കർഷകരെയുമാണ്. അതിനാൽ തന്നെ എത്രയും വേഗം ആംബുലൻസ് പ്രവർത്തന സജ്ജമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.