ഇടുക്കി: ജനവിധി കൊലവിളിക്കു വേണ്ടി അല്ല എന്ന് സിപിഎം മനസിലാക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ. വോട്ടെണ്ണൽ ദിനത്തിൽ പുറ്റടിയിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വണ്ടൻമേട് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ സി ബിജുവും കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ ഡി മോഹനനുമാണ് ഗുരുതര പരിക്കേറ്റത്.
സംഘർഷവുമായി ബന്ധപ്പെട്ട് ഒൻപത് പേർക്കെതിരെ വണ്ടൻമേട് പൊലീസ് കേസെടുത്തു. വണ്ടൻമേട് പഞ്ചായത്ത് 11 ആം വാർഡിന്‍റെ ഭാഗമായ പുറ്റടി അമ്പലമേട്ടിൽ വോട്ടെണ്ണൽ ദിനത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ യുഡിഎഫ് പ്രവർത്തകരുമായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് സംഘർഷമായി മാറുകയുമായിരുന്നു.
സംഘർഷത്തിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർക്കും നാല് എൽഡിഎഫ് പ്രവർത്തകർക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരാൾക്കെതിരെ മാരകായുധം കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്. സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടത്തുന്ന അക്രമ പരമ്പര ജില്ലയിൽ അനുവദിക്കില്ലെന്നും ശക്തമായ പ്രതികരണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.