ഇടുക്കി : ചെറുതോണിക്ക് സമീപം മണിയാറൻകുടി സ്‌കൂള്‍ സിറ്റിയിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇടുക്കി മണിയറൻകുടി സ്വദേശിനി കുളൂർക്കുഴിയിൽ നിഭയ്‌ക്കാണ് (29) ഭർത്താവിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്. സാരമായി പരിക്കേറ്റ നിഭയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതി രാജേഷിനെ പൊലീസ് പിടികൂടി.
ബുധനാഴ്‌ച രാവിലെ ആറരയോടെയായിരുന്നു സംഭവം. രാജാക്കാടുള്ള സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിനായി മണിയാറൻകുടി സ്‌കൂള്‍ സിറ്റിയിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ഭർത്താവിന്‍റെ ആക്രമണമുണ്ടായത്. യുവതിയുടെ നെഞ്ചിനും പുറകിലുമായി നാലിടത്ത് കുത്തേറ്റിട്ടുണ്ട്. കത്രിക ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
കുടുംബകലഹത്തെ തുടർന്ന് യുവതി കുറച്ചുനാളായി മണിയാറൻകുടിക്ക് സമീപം ഔതക്കുന്നിലുള്ള സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവര്‍ ജോലിയ്ക്കായി പോകുന്ന സമയം നോക്കി പ്രതി ആക്രമണം നടത്തുകയായിരുന്നു. കസ്‌റ്റഡിയിലെടുത്ത ഭർത്താവ് രാജേഷിനെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുതോണി കോ-ഓപ്പറേറ്റീവ് പ്രസ്സിലെ മുൻ ജീവനക്കാരനാണ് പ്രതി രാജേഷ്.
കോടതി വളപ്പിലും വധശ്രമം : അടുത്തിടെ പീരുമേട് കോടതി വളപ്പില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നു. ഭാര്യ അമ്പിളിയെ ഭര്‍ത്താവ് ബിജുവാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോടതി വളപ്പിലെ എഎപി ഓഫിസിന് സമീപത്ത് വച്ച് നടന്ന സംഭവത്തില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.
കുടുംബ വഴക്കിനെ തുടര്‍ന്ന് 2018ല്‍ കുമളി പൊലീസ് ചാര്‍ജ് ചെയ്‌ത കേസില്‍ വിസ്‌താരത്തിന് എത്തിയതായിരുന്നു ഭാര്യാഭര്‍ത്താക്കന്മാര്‍. വിസ്‌താരത്തിന് ശേഷം എഎപി ഓഫിസില്‍ നിന്ന് ഇറങ്ങിയ അമ്പിളിയുടെ കഴുത്തില്‍ ബിജു കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ഗുരുതര പരിക്കേറ്റ അമ്പിളിയെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നതെന്നും ബിജുവിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഡ്യൂട്ടി ഡോക്‌ടറുടെ മരണം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്‌ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവം മനുഷ്യ മനസ്സാക്ഷി മരവിപ്പിക്കുന്നതായിരുന്നു. വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന ശ്രീനിലയം കുടവട്ടൂര്‍ സന്ദീപ് ഡോക്‌ടര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ വന്ദന ദാസിന് പുറമെ പൊലീസുകാരനായ മണിലാല്‍, ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി എന്നിവര്‍ക്കും കുത്തേറ്റിരുന്നു.
ഇയാള്‍ വീട്ടിൽ അതിക്രമം നടത്തിയതിനെത്തുടർന്ന് ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സമയം ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായി കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സന്ദീപ് പൊലീസുകാർക്ക് മുന്നില്‍വച്ച് അക്രമാസക്തനാകുന്നത്.
ആശുപത്രിയിലെ ടേബിളില്‍ നിന്ന് കത്രിക കൈക്കലാക്കി ഇയാള്‍ ഡോക്‌ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തിൽ മുറിവേറ്റ ഡോക്‌ടറെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.