ഇടുക്കി: പൂപ്പാറയ്ക്ക് സമീപം ശങ്കരപാണ്ഡ്യൻ മെട്ട് ഭാഗത്ത് കാട്ടാന വീട് ഇടിച്ചു നിരത്തി. മൺ കട്ടകൾ കൊണ്ട് നിർമിച്ച തൊന്തി ഗണപതിയുടെ വീടാണ് കാട്ടാനയുടെ ആക്രമണത്തിൽ പൂർണമായും തകർന്നത്. വ്യാഴാഴ്‌ച രാത്രി 11 മണിയോടു കൂടി ഇവിടെ എത്തിയ അരികൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാനാണ് പ്രദേശത്ത് നാശം വിതച്ചത്.
വീടിന്‍റെ ഭിത്തി ഇടിച്ചു നിരത്തി അടുക്കള ഭാഗത്തേക്ക് പ്രവേശിച്ച ഒറ്റയാൻ അടുക്കളയിൽ സൂക്ഷിച്ചിരുന്ന അരിയും പച്ചക്കറികളും കഴിച്ചു. വീട് ഇടിഞ്ഞ് വീഴുന്ന ശബ്‌ദം കേട്ടാണ് തൊന്തി ഗണപതിയും ഭാര്യയും ഉണര്‍ന്നത്. ആനയെ കണ്ടതും ഇരുവരും വീടിന് പുറത്തേക്ക് ഓടിയിറങ്ങി. തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്.
ഓടിയെത്തിയ അയല്‍ക്കാരും വാച്ചര്‍മാരും വലിയ ശബ്‌ദമുണ്ടാക്കി ആനയെ കാട്ടിലേക്ക് തുരത്തി. മൂലത്തറ, പേതൊട്ടി, തോണ്ടിമല, സിങ്ങ് കണ്ടം, 301 കോളനി മേഖലകളിലും കാട്ടാന ശല്യം അതിരൂക്ഷമാണന്ന് നാട്ടുകാർ പറഞ്ഞു.