ഇടുക്കി: കത്തുന്ന വെയിലിലും കർമ്മനിരതരായ പൊലീസ് ഉദ്യോഗസ്ഥർക്ക് തേൻ കലർത്തിയ പാനീയം നൽകി ദാഹമകറ്റുകയാണ് തൊപ്പിപ്പാള സ്വദേശിയായ തേൻ കർഷകൻ രാജു. നിർദേശം ലംഘിച്ച് നിരത്തുകളിൽ ഇറങ്ങുന്നവരെ പിടികൂടാൻ നിൽക്കുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും പാനീയം വിതരണം ചെയ്യുന്നുണ്ട്.
തേനിലെ ആന്‍റി ഓക്‌സിഡന്‍റ്സ് മനുഷ്യ ശരീരത്തിന് ഉത്തമമാണ്. ഇത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നുവെന്നും രാജു പറയുന്നു. പൊതു നിരത്തുകളിൽ തളരാത്ത മനസുമായി നിൽക്കുന്ന പൊലീസുകാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് സേവനവുമായി രാജുവെത്തിയത്. നിരത്തുകളിൽ ഡ്യൂട്ടിക്ക് നിൽക്കുന്നവരെ കൂടാതെ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്കും രാജു തേൻ പാനീയം നൽകുന്നുണ്ട്.
രാജുവിന്‍റെ സന്നദ്ധ പ്രവർത്തനത്തിന് പൊലീസ് ഉദ്യോഗസ്ഥർ നന്ദി പറയുന്നുണ്ട്. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയെന്ന ജോലി ചെയ്യുമ്പോഴും തിരിച്ച് യാതൊരു സേവനവും ലഭിക്കാറില്ല. അത്തരമൊരു സാഹചര്യത്തിൽ രാജുവിന്‍റെ പ്രവൃത്തി നന്ദിയോടെ സ്വീകരിക്കുന്നുവെന്ന് പൊലീസുകാർ പറയുന്നു.