ഇടുക്കി: നാടൻ തോക്ക്, മലപ്പുറം കത്തി, അമ്പും വില്ലും...സിനിമയിലെ ഡയലോഗ് ആണെന്ന് കരുതിയെങ്കിൽ തെറ്റി. നാടൻ തോക്ക് മുതൽ കരിമരുന്നും വാളും പരിജയും എല്ലാം സംരക്ഷിച്ചിരുന്ന ഒരു സ്ഥലമുണ്ട് ഇടുക്കിയിൽ. രാജഭരണകാലത്ത് ഇത്തരം ആയുധങ്ങൾ സംരക്ഷിച്ചിരുന്ന ആയുധപ്പുരകളാണ് തോട്ടപ്പുര എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. അത്തരത്തിലൊരു തോട്ടപുരയുടെ കഥയാണ് പീരുമേടിന് പറയാനുള്ളത്.
പീരുമേട് താലൂക്കിലെ അമ്മച്ചി കൊട്ടാരവുമായി ബന്ധപ്പെട്ട് രാജഭരകാലത്ത് നിർമ്മിച്ചതാണ് ഈ ആയുധപ്പുര. രാജഭരണകാലത്തെ അനുസ്‌മരിപ്പിക്കുന്ന ഈ നിർമ്മിതി വളരെയധികം പ്രത്യേകത ഉള്ള അപൂർവം കാഴ്‌ചകളിൽ ഒന്നാണ്. സ്വതന്ത്രലബ്‌ധിക്ക് ശേഷം ക്ഷേത്രങ്ങൾ, റോഡുകൾ, പള്ളികൾ, എന്നിവയുടെ നിർമ്മാണത്തിനുള്ള വെടിമരുന്നുകളും ഉപകരണങ്ങളും ഇവിടെയാണ് സൂക്ഷിച്ചു വന്നിരുന്നത്.
ഒരുകാലത്ത് ധീരന്മാർ ഉപയോഗിച്ചതും, നിരവധി ആളുകളുടെ വധ ശിക്ഷ നടപ്പിലാക്കിയതും, നാട്ടുരാജ്യത്തിൻ്റെ സംരക്ഷണം ഉറപ്പാക്കിയതുമായ ആയുധങ്ങൾ സംരക്ഷിച്ചിരുന്ന ഈ പൈതൃക നിർമ്മിതി ഇന്ന് നാശത്തിന്‍റെ വക്കിലാണ്. ചുറ്റും വളർന്ന് നിൽക്കുന്ന മരങ്ങളുടെ വേരിന്‍റെ ബലത്തിലാണ് ഇതിന്നും തകർന്ന് വീഴാതെ നിൽക്കുന്നത്.
രാജഭരണകാലത്തെ ഈ ആയുധപുര കാണുവാൻ നിരവധി ആളുകൾ എത്തുന്നുണ്ട്. പുതു തലമുറക്ക് കൈമാറേണ്ടതും ചരിത്ര പ്രാധാന്യമുള്ളതുമായ ഈ ആയുധപ്പുര സംരക്ഷിച്ചു നിർത്തേണ്ടത് കാലഘട്ടത്തിന്‍റെ കൂടി അനിവാര്യതയാണ്. ടുറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ഈ പുരാതന നിര്‍മിതി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.