ഇടുക്കി: ഹൈറേഞ്ചില്‍ പച്ചപ്പിന്‍റെ നടുവില്‍ തീ മഞ്ഞ നിറത്തില്‍ പൂത്ത് നില്‍കുന്ന സ്‌പാത്തോഡിയ മരങ്ങള്‍ ആരേയും ആകര്‍ഷിക്കുന്ന കാഴ്‌ചയാണ്. ഓറഞ്ചും മഞ്ഞ നിറവും ഇടകലര്‍ന്ന പൂക്കള്‍. വഴിയരികിലും തേയിലക്കാടുകള്‍ക്ക് നടുവിലും ദൃശ്യവിസ്‌മയം പകര്‍ന്ന് സ്‌പാത്തോഡിയ മരങ്ങള്‍ പൂത്തുനില്‍ക്കുകയാണ്.
മലയോര മേഖലയില്‍ മലേറിയ പടര്‍ന്ന് പിടിച്ചപ്പോള്‍ കൊതുക് നശീകരണത്തിനായി ബ്രിട്ടീഷുകാര്‍ ആഫ്രിക്കന്‍ ഉഷ്‌ണമേഖലയില്‍ നിന്നും 19-ാം നൂറ്റാണ്ടിലാണ് സ്‌പാത്തോഡിയ മരങ്ങള്‍ ഇവിടെ വെച്ച് പിടിപ്പിച്ചത്. കമ്പ്, വേര്, കായ് എന്നിവയില്‍ നിന്നും അതിവേഗം മുളച്ച് വളരുന്ന മരം നിരവധി ഔഷധഗുണങ്ങള്‍ ഉള്ളതാണ്. വാദ്യോപകരണമായ ഡ്രംസ് നിര്‍മിക്കാനും സ്‌പാത്തോഡിയ മരത്തിന്‍റെ തടിയാണ് ഉപയോഗിക്കുന്നത്.